തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുള്ള പുരസ്‌കാരങ്ങളുമായി 'ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2019' തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രമുഖ താരങ്ങളായ ദിലീപ്, ഇന്നസെന്റ്, അജു വര്‍ഗ്ഗീസ്, നാദിര്‍ഷ, ലക്ഷ്മി ഗോപാലസ്വാമി, മേഘ്‌ന രാജ്, പ്രേമകുമാര്‍, ചന്ദ്രലക്ഷ്മണന്‍, സുധീര്‍ കരമന, വിജയ് ബാബു, സാബുമോന്‍, ടിനി ടോം, അരിസ്റ്റോ സുരേഷ്, സുരേഷ്, സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേര്‍ സദസ്സിന് മിഴിവേകി. ഇന്നസെന്റിനെയും ദിലീപിനെയും സദസ്സില്‍ ആദരിച്ചു.

'വാനമ്പാടി'യാണ് മികച്ച പരമ്പര. 'നീലക്കുയില്‍' ജനപ്രിയ പരമ്പര. മികച്ച നടനായി ശ്രീറാമിനെയും മികച്ച നടിയായി സുചിത്രയെയും തെരഞ്ഞെടുത്തു. സായ് കിരണും റബേക്കയുമാണ് ജനപ്രിയ താരങ്ങള്‍. സംവിധാകയന്‍ ആദിത്യന്‍, തിരക്കഥാകൃത്ത് പ്രദീപ് കാവുന്തറ, സ്വഭാവനടന്‍ എം ആര്‍ ഗോപകുമാര്‍, സ്വഭാവനടി സീമ ജി നായര്‍, നെഗറ്റീവ് റോള്‍ രൂപശ്രീ, താരജോഡി അനൂപ്-ധന്യ, ഹാസ്യതാരം പ്രിയ മേനോന്‍, പുതുമുഖ താരങ്ങള്‍ സിനിഷ, നിതിന്‍ ജോസഫ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദേവി, ഷോബി തിലകന്‍, എഡിറ്റര്‍ അജയന്‍, ശബ്ദമിശ്രണം അനീഷ്, ചിത്രസംയോജനം അനുരാഗ് ഗുണ, ബാലതാരങ്ങള്‍ ഗൗരി, സന തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

ജനപ്രിയ താരങ്ങളായ സാജന്‍ സൂര്യയും രാജേഷ് ഹെബ്ബാറും ചേര്‍ന്നൊരുക്കിയ ടൗവ്വല്‍ ഡാന്‍സ് ഈ ഷോയുടെ പ്രത്യേക ആകര്‍ഷണമാണ്. കൂടാതെ സാനിയ ഇയ്യപ്പന്‍, ഇനിയ, ജനപ്രിയ ടെലിവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും സദസ്സിനെ ഇളക്കി മറിച്ചു. ഈ അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ( ശനി, ഞായര്‍) വൈകുന്നേരം 7 മണി മുതല്‍ സംപ്രേക്ഷണം ചെയ്യും.