ലൈഫ് ടൈം അവാര്‍ഡ് ഏറ്റുവാങ്ങി ജഗദീഷ്; ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ് വേദിയില്‍ നിറസാന്നിധ്യമായി സുരേഷ് ഗോപി
സിനിമാ, മിനിസ്ക്രീന്‍ താരങ്ങള്‍ ഒരുമിച്ച വേദി
ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് നിശ തിരുവനന്തപുരത്ത് നടന്നു. ടെലിവിഷന്റെ ചരിത്രത്തെയും മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ ഈ അവാർഡ്ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ ഭാഗമായി മാറുന്ന ഒരു അപൂർവ്വ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ചു. ഈ വേദിയിൽവച്ച് ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ആദരിച്ചു. കൂടാതെ ഓണം റിലീസ് ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിലെ താരങ്ങളായ ടൊവിനോ തോമസ്, കൃതി ഷെട്ടി, ഹരീഷ് ഉത്തമൻ, ജഗദീഷ്, സംവിധായകൻ ജിതിൻ ലാൽ, തിരക്കഥാകൃത്ത് സുജിത് തുടങ്ങിയവർ പങ്കെടുത്ത പ്രത്യേക സെഗ്‌മെന്റും പ്രധാന ആകര്‍ഷണമായിരുന്നു.
പ്രമുഖ താരങ്ങളായ അനുശ്രീ, സുധീർ കരമന, ടിനി ടോം, ആശ ശരത്, ഹരീഷ് കണാരൻ, സ്വാസിക, അസീസ് നെടുമങ്ങാട്, മണിക്കുട്ടൻ, പ്രേം കുമാർ എന്നിവര്‍ക്കൊപ്പം ജനപ്രിയ പരമ്പരകളിലെ താരങ്ങളും സദസ്സിന് മിഴിവേകി. ടെലിവിഷൻ പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ഈ വേദിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത്, ചലച്ചിത്രതാരം മുകേഷ്, മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ ആദരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ്, വിധു പ്രതാപ്, മീനാക്ഷി എന്നിവർ ഈ ഷോയുടെ അവതാരകരായിരുന്നു.
ജനപ്രിയ ടെലിവിഷന്‍ താരങ്ങളും സിനിമാതാരങ്ങളും അവതരിപ്പിച്ച നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും കണ്ടമ്പററി ഡാൻസും സദസിനെ ഇളക്കിമറിച്ചു. ഈ അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7, 8 തീയതികളിൽ (ശനി, ഞായർ) വൈകുന്നേരം 7 മണി മുതൽ സംപ്രേഷണം ചെയും. തിരുവനന്തപുരം അൽ സാജ് കൺവെൻഷൻ സെന്‍ററിൽ വച്ചായിരുന്നു പരിപാടി.
ALSO READ : കുമാരനാശാന്‍റെ കാവ്യത്തെ ആസ്‍പദമാക്കി 'വാസവദത്ത'; സെക്കന്‍ഡ് ഷെഡ്യൂള്‍ തൃശൂരിൽ