"ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല"

സ്ക്രിപ്റ്റ് സെലക്ഷനില്‍ സമീപകാലത്ത് മലയാളി സിനിമാപ്രേമിയെ ഏറ്റവും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. റോഷാക്കിലും നന്‍പകലിലുമൊക്കെ വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ വരാനിരിക്കുന്ന പല സിനിമകളും വേറിട്ട വഴിയേ സഞ്ചരിക്കുന്നവയാണ്. അക്കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു. ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലഭിച്ച ഓഫര്‍ ആസിഫ് അലി നിരസിച്ചുവെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ആസിഫ്. ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ച കഥാപാത്രമാണ് അതെന്ന് പറയുന്നു ആസിഫ് അലി. അത് നടക്കാതെ പോയതിന്‍റെ കാരണവും. താന്‍ നായകനാവുന്ന പുതിയ ചിത്രം കാസര്‍ഗോള്‍ഡിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ആസിഫ് ഇക്കാര്യം വിശദീകരിക്കുന്നത്.

"ഭ്രമയുഗത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ഞാൻ ഒഴിവാക്കിയതേയല്ല. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ ആ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുകൊണ്ട് അങ്ങനെ വേണ്ടിവന്നതാണ്. ഒരു സിനിമയ്ക്കുവേണ്ടി മമ്മൂക്ക താടി വളർത്തുന്നുണ്ട്. അതിൻറെ തുടർച്ചയായി ഈ സിനിമ ചെയ്യാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. വേറൊരു കമ്മിറ്റ്മെൻറ് ഉള്ളതുകൊണ്ട് എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റിയില്ല. എനിക്ക് ഒരുപാട് വിഷമമുണ്ട്. ആ സിനിമയെ വിലയിരുത്തി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂക്ക സമ്മതിച്ചു എന്ന് പറയുന്നത് എത്രത്തോളം ആവേശമുള്ള നടനാണ് അദ്ദേഹമെന്ന് എനിക്ക് മനസിലാക്കിത്തന്നെ കാര്യമാണ്. ആ സിനിമ ചെയ്യാമെന്ന് തീരുമാനിക്കാൻ ഒരു ധൈര്യം വേണം. അത് അദ്ദേഹം കാണിച്ചു എന്നത് നമ്മളെയൊക്കെ പ്രചോദിപ്പിക്കുന്നതാണ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം മലയാളത്തിൻറ മഹാനടനായി നിൽക്കുന്നത്", ആസിഫ് പറയുന്നു.

"ഈ സിനിമയുടെ കഥ കേൾക്കുകയും തിരക്കഥ വായിക്കുകയും ചെയ്തു. ഈ സിനിമ ഓടുമോ ഇല്ലയോ എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. പക്ഷേ മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും അത്. മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനങ്ങളിൽ ഒന്നായിരിക്കും. അർജുൻ അശോകൻറെയും ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അത്. ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് കരുതിയ സിനിമ കൂടിയാണ് അത്. അത് അർജുൻറെ അടുത്തേക്ക് തന്നെ പോയതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. അർജുൻറെ അടുത്തൊരു തലമായിരിക്കും ഈ സിനിമയിലൂടെ കാണാൻ സാധിക്കുന്നത്", ആസിഫ് പറഞ്ഞ് അവസാനിപ്പിക്കുന്നു.

ALSO READ : 'ദൃശ്യ'ത്തെയും 'ഭീഷ്‍മ'യെയും മറികടന്ന് 'ആര്‍ഡിഎക്സ്'; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ