ബംഗളൂരുവിൽ ഇസിഎ ഓണോത്സവം 2026-ൽ മുഖ്യാതിഥിയായി ആസിഫ് അലി.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയിൽ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി. കുടുംബ സമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ഒരുക്കിയ വിരുന്നിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തു.

സെപ്റ്റംബർ 5ന് ബംഗളൂരുവിൽ സംഘടിപ്പിച്ച ഇസിഎ ഓണോത്സവം 2026-ന്റെ ഗസ്റ്റ് ഓഫ് ഓണർ ആയിരുന്നു ആസിഫ് അലി. ബംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ താരത്തെ ഏറെ ആദരവോടെയാണ് സ്വീകരിച്ചത്. നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ആസിഫ് അലിയുടെ സിനിമാ യാത്രയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അവർ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്.

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ സ്വന്തമായ ഇടം നേടിയ ആസിഫ് അലിയുടെ സാന്നിധ്യം ഇസിഎ ഓണോത്സവം 2026-ന് കൂടുതൽ ശ്രദ്ധ നേടികൊടുക്കുന്നതിനും കാരണമായി. ഓണാഘോഷ പരിപാടിയിലെ സാന്നിധ്യത്തിന് പിന്നാലെയാണ് ആസിഫ് അലി കുടുംബസമേതം കർണാടക മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മലയാളികൾക്കൊപ്പമുള്ള ഓണാഘോഷവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും താരത്തിന്റെ ബംഗളൂരു സന്ദർശനത്തിലെ ശ്രദ്ധേയ നിമിഷങ്ങളായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക