ദിയയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി അശ്വിൻ ഗണേശ്.
അടുത്തിടെയാണ് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ ആൺകുഞ്ഞിന് ജൻമം നൽകിയത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്‍ത വ്ളോഗും നിമിഷനേരം കൊണ്ടാണ് തരംഗമായത്. ഇതിനകം എട്ടു മില്യനിലേറെ ആളുകളാണ് ദിയയുടെ വ്ളോഗ് കണ്ടത്. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകൾ ഇടുന്നത്. മകന്റെ ജനനത്തിനു പിന്നാലെ ദിയയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഭർത്താവ് അശ്വിൻ ഗണേശ്. ദിയയുടെ കരുത്ത്, സ്നേഹം, ധൈര്യം എന്നിവയൊക്കെ നേരിട്ടു കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്ന് അശ്വിൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അശ്വിൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''എനിക്കു നൽകാവുന്നതിൽ ഏറ്റവും വിലയേറിയ സമ്മാനമാണ് നീയെനിക്കു തന്നത്. ഈ പ്രഗനൻസി യാത്രയിൽ ഉടനീളം നിന്നെ കണ്ടും നീ കാണിച്ച അപാരമായ കരുത്തും, സ്നേഹവും, ധൈര്യവും നേരിട്ടറിഞ്ഞും അക്ഷരാർത്ഥത്തിൽ ഞാൻ അമ്പരന്നുപോയി.
നീ ഈ ലോകത്തിലേക്കു കൊണ്ടുവന്നത് ഒരു കുഞ്ഞിനെ മാത്രമല്ല, ഒരു ജീവിതമാണ്, ജീവിതത്തിന് പുതിയ അർത്ഥങ്ങളാണ് നീ നൽകിയത്. കടലോളം സ്നേഹം കൂടിയാണ് നീ നമ്മളിലേക്ക് കൊണ്ടുവന്നത്. നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. നമ്മുടെ കുഞ്ഞിന് ജൻമം നൽകിയതിനു മാത്രമല്ല, എല്ലാത്തിനെയും അത്രയും ചൈതന്യത്തോടു കൂടി നീ നേരിട്ടതിന്...എന്നെ ഒരച്ഛനാക്കിയതിന് നന്ദി... നിന്നോടും നമ്മുടെ കുഞ്ഞിനോടും ഒപ്പം, സ്നേഹിച്ചും സംരക്ഷിച്ചും എന്നും ഞാനുണ്ടാകും....''.
അതേസമയം, ആശുപത്രിയിൽ നിന്നും ഡിസ്‍ചാർജ് ആയി വീട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് ദിയ ഏറ്റവും പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്. ചേച്ചി അഹാനയാണ് കുഞ്ഞിനെ വീട്ടിലേക്ക് എടുത്തുകൊണ്ടുവരുന്നത്.
