ബേസില്‍ ജോസഫ്, ടൊവിനോ തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം

സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു അതിരടി. ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് ടൊവിനോ തോമസ് ആയിരുന്നു. വിനീത് ശ്രീനിവാസന്‍ വിനീത് ശ്രീനിവാസനായിത്തന്നെ ചിത്രത്തില്‍ എത്തിയതും കൗതുകമായിരുന്നു. നവാഗതനായ അരുണ്‍ അനിരുദ്ധനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മെയ് 14 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച എന്‍റര്‍ടെയ്നര്‍ എന്ന് അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 67 കോടിയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിയറ്റര്‍ റിലീസിന്‍റെ 22-ാം ദിവസമാണ് ഒടിടി റിലീസ് സംബന്ധിച്ച പ്രഖ്യാപനം എത്തിയിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവ് ആണ് ചിത്രം തങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കും. എന്നാല്‍ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. യുവ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകരെയും ആകർഷിച്ച ചിത്രം, ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന രീതിയിൽ ആണ് കഥ പറയുന്നത്. ഒട്ടേറെ താരങ്ങൾക്കുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ അതീവ രസകരമായ പ്രകടനമാണ്. ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ്. റിയ ഷിബു, സരിൻ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming