ബേസിൽ ജോസഫ് ആദ്യമായി നിർമ്മാതാവാകുന്ന 'അതിരടി' എന്ന ചിത്രത്തിൽ ബേസിലിനൊപ്പം ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബേസില്‍ ജോസഫ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ മാസമാണ് എത്തിയത്. എന്നാല്‍ ചിത്രത്തിന്‍റെ ടൈറ്റിലോ താരനിരയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ടൈറ്റില്‍ ടീസറിനൊപ്പം ചിത്രത്തിന്‍റെ പ്രധാന താരനിരയെയും സാങ്കേതിക പ്രവര്‍ത്തകരെയുമൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവാസനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിരടി എന്നാണ് ചിത്രത്തിന്‍റെ പേര്. 1.49 മിനിറ്റ് ദൈര്‍ഘ്യമുള്ള, കൗതുകം പകരുന്ന ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ബേസില്‍ ജോസഫ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ഡോ. അനന്തു എസ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ ബേസില്‍ ജോസഫും സൈലം ലേണിംഗ് സ്ഥാപകന്‍ ഡോ. അനന്തുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോളെജ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഇത്. മാസും ആക്ഷനും കോമഡിയുമൊക്കെ ചേരുന്ന ഫുള്‍ ഓണ്‍ എന്‍റര്‍ടെയ്നര്‍ ചിത്രം ആയിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കായി നേരത്തെ കാസ്റ്റിംഗ് കോള്‍ നടന്നിരുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കും. അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. അരുണ്‍ അനിരുദ്ധനൊപ്പം പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കള്‍.

സംഗീതം വിഷ്ണു വിജയ്, ഛായാഗ്രഹണം സാമുവല്‍ ഹെന്‍റി, എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ നിക്സണ്‍ ജോര്‍ജ്, വരികള്‍ സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്‍റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനയ്ക്കത്തറയില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷൗക്കത്ത് കല്ലൂസ്, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയില്‍ സ്റ്റു‍ഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ സര്‍കാസനം, പിആര്‍ഒ വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍. മനു സ്വരാജ് ആണ് അനൗണ്‍സ്‍മെന്‍റ് പ്രൊമോ സംവിധാനം ചെയ്തിരിക്കുന്നത്.

Athiradi -Title Teaser Malayalam | Basil Joseph ,Tovino Thomas, Vineeth Sreenivasan | Arun Anirudhan