സിനിമകളെ വെല്ലുന്ന ബജറ്റും വലിയ താരനിരയുമുള്ള ഈ പരസ്യചിത്രം വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്.
സിനിമയേക്കാള്‍ അപ്ഡേറ്റഡ് ആണ് പലപ്പോഴും പരസ്യചിത്ര മേഖല. സിനിമയില്‍ എത്തുന്നതിന് മുന്‍പേ പല പുതിയ സാങ്കേതികവിദ്യകളും ആദ്യം ഉപയോഗിക്കുന്നത് ആഡ് ഫിലിം മേക്കേഴ്സ് ആണ്. അതേസമയം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സെക്കന്‍ഡുകളും മിനിറ്റുകളുമൊക്കെ മാത്രം ദൈര്‍ഘ്യമുള്ള പരസ്യചിത്രങ്ങളുടെ ബജറ്റ് സ്വാഭാവികമായും കുറവായിരിക്കും. എന്നാല്‍ സിനിമയുടെ ബജറ്റിനെ വെല്ലുന്ന മുതല്‍മുടക്കില്‍ ഒരു പരസ്യചിത്രം വന്നാലോ? ഇപ്പോഴിതാ അത്തരത്തില്‍ ഒന്ന് വരാന്‍ പോവുകയാണ്. ഇന്ത്യന്‍ ആഡ് ഇന്‍ഡസ്ട്രിയില്‍ ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരു പരസ്യമാണ് വരാനിരിക്കുന്നത്.
ഇതിന്‍റെ സംവിധായകനും താരങ്ങളുമൊക്കെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് അത്രമേല്‍ സുപരിചിതരുമാണ്. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, ബോബി ഡിയോള്‍, തെലുങ്ക് താരം ശ്രീലീല എന്നിവരാണ് പ്രസ്തുത പരസ്യചിത്രത്തില്‍ അഭിനയിക്കുക. സംവിധാനം ചെയ്യുന്നതോ ഷാരൂഖ് ഖാന്‍ നായകനായ ജവാനിലൂടെ കരിയറില്‍ ആദ്യത്തെ 1000 കോടി ക്ലബ്ബ് ബോക്സ് ഓഫീസ് നേട്ടമുണ്ടാക്കിയ സംവിധായകന്‍ ആറ്റ്ലിയും. സിനിമകളെ വെല്ലുന്ന ബജറ്റ് ആണ് ചിത്രത്തിന്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ലോകയുടെ ബജറ്റിന്‍റെ അഞ്ച് ഇരട്ടിയാണ് ഈ പരസ്യചിത്രത്തിന്‍റെ ബജറ്റ്. അതായത് 150 കോടി. ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായ ഛാവയുടെ ബജറ്റിനേക്കാള്‍ (130 കോടി) വലുതാണ് ഇത്.
വലിയ സെറ്റും സൂക്ഷ്മമായ വിഷ്വല്‍ എഫക്റ്റ്സും സാധാരണ പരസ്യചിത്രങ്ങളേക്കാള്‍ നീളുന്ന ഷെഡ്യൂളുകളും ഒക്കെ ഈ പരസ്യചിത്രത്തിനായി വേണ്ടിവരും. നേരത്തെ ശ്രദ്ധേയ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് രണ്‍വീര്‍ സിംഗ്. ഇതിലൊരു പരസ്യചിത്രത്തിന്‍റെ സംവിധാനം രോഹിത് ഷെട്ടി ആയിരുന്നു. ഒരു സിനിമയുടെ റിലീസിന് മുന്‍പ് അതിന്‍റെ ഉയര്‍ന്ന ബജറ്റ് പലപ്പോഴും വാര്‍ത്ത സൃഷ്ടിക്കാറുണ്ടെങ്കിലും ഒരു പരസ്യചിത്രം അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ആദ്യമായാണ്. ഈ പരസ്യചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആസ്വാദകര്‍.



