ബിഗ് ബോസ് മുൻ മത്സരാർത്ഥി ജിസേൽ, വസ്ത്രധാരണം ഒരാളുടെ സ്വഭാവം തീരുമാനിക്കുന്നില്ലെന്ന് പറയുന്നു. ഓരോ വ്യക്തിയുടെയും വസ്ത്രധാരണ രീതികൾ അവരുടെ സംസ്കാരത്തെയും വളർന്നുവന്ന സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും.
ബിഗ് ബോസ് മലയാളം സീസൺ 7ലെ ഏറ്റവും ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു ജിസേൽ. ഇംഗ്ലീഷും മലയാളവും കൂടി കലർന്ന സംസാരവും മറ്റുള്ളവരോടുള്ള ഇടപെടലുമല്ലാം ജിസേലിനെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി. ആര്യനും ജിസേലും തമ്മിലുള്ള കോമ്പോയും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടോപ് 7- ൽ എത്തുമെന്ന് വിധിയെഴുതപ്പെട്ടിരുന്നുവെങ്കിലും രണ്ടാഴ്ച മുൻപ് ജിസേലിന് ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നു. പുറത്തെത്തിയതിനു ശേഷം അഭിമുഖങ്ങളുമായി തിരക്കിലാണ് ജിസേൽ. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി പേർ തന്റെ മുൻവിധിയോടെ സമീപിച്ചിട്ടുണ്ടെന്ന് ജിസേൽ പറയുന്നു.
''വസ്ത്രധാരണത്തിൽ അല്ല കാര്യം. ഷാനവാസ് എന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞിട്ടും ഞാൻ മാറിയിട്ടില്ല. അതുപോലുള്ള വസ്ത്രം തന്നെയാണ് ധരിച്ചത്. ആളുകൾ പറയുന്നത് അവരുടെ ചിന്താരീതി അനുസരിച്ചാകാം. ഓരോരുത്തരും വളർന്നു വന്ന സാഹചര്യവും ഓരോരുത്തരുടെയും സംസ്കാരവും ചിന്തയും എല്ലാം വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് നമ്മുടെ ഡ്രസിങ്ങ് രീതികളും ആഹാര രീതികളും എല്ലാം. നോർത്ത് ഇന്ത്യൻസിന്റെ ഭക്ഷണം വേറെയാണ്, സൗത്ത് ഇന്ത്യൻസിന്റെ ഭക്ഷണം വേറെയാണ്. ഇതെല്ലാം നിങ്ങൾ വളർന്നു വന്ന സാഹചര്യങ്ങൾ അനുസരിച്ചാണ്.
അയാൾക്ക് അയാളുടെ അഭിപ്രായം പറയാം. അത് എനിക്ക് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കാം. ഞാനത് സ്വീകരിച്ചില്ല. സത്യം പറഞ്ഞാൽ അയാളുടെ അഭിപ്രായം മാറുകയാണ് ചെയ്തത്. ഞാൻ മാറിയില്ല. അയാളെ ഞാൻ ട്രെയിൻ ചെയ്തു. ഇനി അയാൾ പുറത്തു വരുമ്പോൾ മോഡേൺ ആയിട്ടാകും ചിലപ്പോൾ വരിക. കാരണം എന്നെ കണ്ടുകണ്ട് അയാൾ മാറി. അതയാൾ സമ്മതിക്കണം എന്നില്ല. പക്ഷേ, വസ്ത്രധാരണമല്ല ഒരാളുടെ സ്വഭാവം തീരുമാനിക്കുന്നത്. നിങ്ങൾ ആരാണെന്ന് തീരുമാനിക്കുന്നതും നിങ്ങളുടെ വസ്ത്രമല്ല'', എന്ന് വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ ജിസേൽ പറഞ്ഞു.



