Austin Dan Thomas responded to Antony Perumbavoor's remark that the director was missing before the shoot began mohanlal L365. ഷൂട്ട് തുടങ്ങും മുൻപ് സംവിധായകനെ കാണാനില്ലെന്ന ആന്റണി പെരുമ്പൂരിന്റെ പരാമർശത്തിന് പിന്നാലെ പ്രതികരിച്ച് ഓസ്റ്റിൻ ഡാൻ തോമസ്.
മോഹൻലാൽ പുതുമുഖ സംവിധായകരുടെ കൂടെ എന്താണ് സിനിമ ചെയ്യാത്തതെന്ന തരത്തിലുള്ള ആരാധകരുടെ ചോദ്യത്തിന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം നൽകിയ ഉത്തരം വളരെയധികം ചർച്ചയായിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി ചിത്രം അതിമനോഹരം ഒരു പുതുമുഖ സംവിധായകൻ ചെയ്യാനിരുന്നതാണെന്നും എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് ഒരു മാസം മുൻപ് സംവിധായകനെ കാണാതായെന്നും അയാൾ പാനിക് ആയതുകൊണ്ട് വിളിച്ചിട്ട് ഫോൺ എടുത്തില്ലെന്നും അതുകൊണ്ട് തന്നെ ഒരു പരീക്ഷണത്തിന് മുതിരാൻ തങ്ങൾക്ക് പേടിയാണെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ പറഞ്ഞത്. എക്‌സിൽ ആരാധകരുമായി സംവദിക്കവെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പരാമർശം.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന അതിമനോഹരം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ഓസ്റ്റിൻ ഡാൻ തോമസ് ആയിരുന്നു. തല്ലുമാല, വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും ,അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത് എന്നായിരുന്നു നേരത്തെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. മോഹൻലാൽ പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററുകൾ അടക്കം പുറത്ത്‌വന്നതിന് ശേഷമാണ് പിന്നീട് ചിത്രത്തിന്റെ സംവിധായകൻ മാറി തരുൺ മൂർത്തി വരുന്നത്. നേരത്തെ L 365 എന്ന വർക്കിങ് ടൈറ്റിൽ ആയിരുന്നു ചിത്രത്തിനെങ്കിൽ തരുൺ മൂർത്തി സംവിധായകനായതിന് ശേഷം L 365 എന്ന പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. പിന്നീടായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുകളും ഫസ്റ്റ്ലുക്കും വന്നത്.
ഷൂട്ടിങ് ഒരു മാസം മുൻപ് സംവിധായകനെ കാണാനില്ല എന്ന ആന്റണി പെരുമ്പാവൂരിന്റെ പരാമർശം വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഓസ്റ്റിൻ ഡാൻ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയാവുന്നത്. സത്യത്തെ ചിലർ അലങ്കാരങ്ങളിലൂടെയും മറച്ചുവെക്കലുകളിലൂടെയും ഒളിപ്പിക്കാമെന്ന് ചിലർ കരുതുന്നുവെന്നും, എന്നാൽ കാലം കടനാനുപോകുമ്പോൾ സത്യം വെളിവാകുമെന്നും ഓസ്റ്റിൻ ഡാൻ തോമസ് പങ്കുവച്ചു. "ചിലർ സത്യത്തെ ചെറിയൊരു മറച്ചുവെക്കലിലൂടെയും അലങ്കാരങ്ങളിലൂടെയും ഒളിപ്പിക്കാമെന്ന് കരുതുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുകയും കള്ളം ക്രമേണ മാഞ്ഞുപോകുകയും ചെയ്യും." ഓസ്റ്റിൻ കുറിച്ചു. ഇത് ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തോടുള്ള ഓസ്റ്റിന്റെ പ്രതികരണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്.

അതിമനോഹരം
അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് അതിമനോഹരം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


