അവറാച്ചൻ ആൻഡ് സണ്‍സിന്റെ റിവ്യു.
നര്‍മ്മത്തിന്റ മേമ്പൊടികള്‍ ചേര്‍ത്ത ഒരു കുടുംബ ചിത്രമാണ് അവറാച്ചൻ ആൻഡ് സണ്‍സ്. വൈകാരികമായ നിമിഷങ്ങള്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. താരങ്ങളുടെ മികച്ച പ്രകടനവും ഈ ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നു. അക്ഷരാര്‍ഥത്തില്‍ തിയറ്ററില്‍ കണ്ടാസ്വാദിക്കേണ്ട കുടുംബ ചിത്രമാകുന്നു അവറാച്ചൻ ആൻഡ് സണ്‍സ്.
പേര് സൂചിപ്പിക്കും പോലെ അവറാച്ചന്റെയും മക്കളുടെയും കഥ പറയുന്ന ചിത്രമാണ് ഇത്. ഉത്തരവാദിത്വ ബോധമില്ലാത്ത ഒരു അച്ഛന്റെ കഥയ്‍ക്കാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്. കള്ളു കുടിയനും കുടുംബത്തിന് പലപ്പോഴും പൊല്ലാപ്പുമായി മാറുന്ന അച്ഛനാണ് അവറാച്ചൻ. ഈ അച്ഛൻ കഥാപാത്രം എങ്ങനെയാണ് പിന്നീട് കുടുംബത്തിന്റെ പ്രിയപ്പെട്ടവനായി മാറുന്നത് എന്നതാണ് ചിത്രം പറയുന്നത്.
പിള്ളേരു സെറ്റിനൊപ്പം ജീവിതം ആഘോഷിക്കുന്ന കഥാപാത്രമാണ് അവറാച്ചൻ. ബാൻഡ് മാസ്റ്ററുമാണ് നായകനായ അവറാച്ചൻ. മദ്യപാനത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നയാണ് അവറാച്ചൻ. മകന്റെ കല്യാണം മുടക്കുന്ന ഒരാളെ പൊതു മധ്യത്തില്‍ അവറാച്ചൻ മുണ്ടു പറിച്ച് അപമാനിക്കുന്നു. അയാളുടെ മകൻ അവറാച്ചനെ കൈകാര്യം ചെയ്യാൻ വരുന്നു. അത് വലിയ പ്രശ്‍നങ്ങള്‍ക്ക് കാരണമാകുന്നു. അവറാച്ചന്റെ അടിയേറ്റ് അയാള്‍ ഐസിയുവിലാകുന്നു. നാട്ടിലെ പ്രശ്‍നങ്ങളുടെ പേരില്‍ അവറാച്ചന് തന്റെ പെങ്ങളുടെ വീട്ടില്‍ ഒളിവില്‍ പോകേണ്ടി വരുന്നു.
പെങ്ങളുടെ വീട്ടിലും അവറാച്ചൻ ആദ്യം പഴയതു പോലെ തന്നെയാണ് പെരുമാറുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ അവറാച്ചൻ സ്വയം മാറാൻ തീരുമാനിക്കുന്നു. അവറാച്ചന്റെയും മറ്റ് ചിലരുടെയും ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‍നങ്ങളാണ് അവറാച്ചനെ മാറാൻ പ്രേരിപ്പിക്കുന്നത്. പിന്നീട് അവറാച്ചന്റെ ജീവിതം എങ്ങനെയാകുന്നുവെന്നതാണ് സിനിമ പ്രധാനമായും പറയുന്നത്.
നവാഗതനായ തമ്പിയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകൻ എന്ന നിലയില്‍ ആദ്യ ചിത്രത്തിലെ തന്നെ വരവറിയിക്കാൻ തമ്പിക്ക് സാധിച്ചിരിക്കുന്നു. കയ്യടക്കത്തോടെ കഥ പറയാൻ തമ്പിക്ക് സാധിച്ചിരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ കാഴ്‍ചാനുഭവം. ജോസഫ് വിജീഷും തമ്പിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചരട് കോര്‍ത്തിണക്കിയതുപോലെ രസകരമായ രംഗങ്ങള്‍ തിരക്കഥയില്‍ കോര്‍ത്തിണക്കാൻ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഹിറ്റ് സിനിമകളുടെ റെഫറൻസും ബുദ്ധിപൂര്‍വമായി സിനിമയില്‍ ചേര്‍ത്തിരിക്കുന്നു.
അവറാച്ചനായി എത്തിയിരിക്കുന്നത് ബിജു മേനോനാണ്. ബിജു മേനോന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. വ്യത്യസ്‍ത കഥാ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന അവറാച്ചനായി പക്വതയാര്‍ന്ന പ്രകടനത്താല്‍ ബിജു മേനോൻ വിസ്‍മയിപ്പിക്കുന്നു. മക്കളായ ജേസണായി ശ്രീനാഥ് ഭാസിയും ജോയ്‍ മോനായി ഗണപതിയും വേഷമിട്ടിരിക്കുന്നു. ഗണപതിക്കാണ് സ്‍ക്രീൻസ് പ്രസൻസ് കൂടുതല്‍. ഗണപതിയുടെ കഥാപാത്രത്തിന്റെ പ്രണയവും സമാന്തര കഥയായി ചിത്രത്തില്‍ വരുന്നുണ്ട്. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ മറ്റൊരു നിര്‍ണായക കഥാപാത്രമായി എത്തിയിരിക്കുന്നത്. അവതാരക അപര്‍ണ ബാബുവും പ്രധാന കഥാപാത്രമായി അവറാച്ചൻ ആൻഡ് സണ്‍സിലുണ്ട്. ചിത്രത്തിനൊടുവില്‍ സസ്‍പെൻസായി സൂപ്പര്‍ താരം അതിഥി വേഷത്തിലും എത്തുന്നു.
സജിത് പുരുഷന്റെ ക്യാമറയും ചിത്രത്തിന്റെ സ്വാഭാവത്തിനൊത്തുള്ളതാണ്. ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിനു മുന്നേ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സിനിമയുടെയൊപ്പം കേള്‍ക്കാനും ഇമ്പം നല്‍കുന്നു. സനൽ ദേവാണ് സംഗീത സംവിധാനം.
