നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം 

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻഡോ- അറബിക് ചിത്രം ആയിഷയിലെ രണ്ടാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. രാധിക അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. നിഷ എന്ന കഥാപാത്രം രാധികയെ പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും അവതരിപ്പിക്കുന്ന ഒന്നാണ്. 

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രമായി ലൈഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.

ALSO READ : 5 വര്‍ഷം കൊണ്ട് മുതല്‍മുടക്കുക 3000 കോടി! വമ്പന്‍ പ്രഖ്യാപനവുമായി ഹൊംബാളെ ഫിലിംസ്

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബ് പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ശബ്ദ സംവിധാനം വൈശാഖ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ. ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് ആയിഷ പ്രദര്‍ശനത്തിനെത്തിക്കും. പിആര്‍ഒ എ എസ് ദിനേശ്.