ബോളിവുഡ് യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ആയുഷ്മാൻ ഖുറാന. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയത്തിലൂടെയും താരം കയ്യടി നേടി. കഴിഞ്ഞ ദിവസമായിരുന്നു ആയുഷ്മാൻ ഖുറാനയുടെ വിവഹ വാർഷികം. എഴുത്തുകാരിയും സംവിധായികയുമായ തഹീറ കശ്യപാണ് ഭാര്യ. ഇരുവരും 12ാം വിവാഹവാർഷികമാണ് ഇരുവരും ആഘോഷിച്ചത്. ഇപ്പോൾ സൈബർ ലോകത്ത് കയ്യടി നേടുന്നത് തന്റെ നല്ല പാതിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ആശംസയാണ്. 

"ഒന്നുചേർന്നതിന്റെ 125ാം വാർഷികം ആഘോഷിക്കുകയാണ്. ചിലപ്പോ അതില്‍ കൂടുതലുമാകാം. കാരണം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയാം. ഈ ജീവിതകാലത്തിൽ ഒതുങ്ങുന്നതല്ല നമ്മൾ തമ്മിലുള്ള ബന്ധം. നീ എന്റെ പങ്കാളിയാണ്, കാമുകിയാണ്,  ജീവിതത്തിലെ പരിശീലകയും ഇതിനെല്ലാം മുകളിൽ എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്. നിനക്കൊപ്പം പ്രായമാകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എനിക്കറിയാം അത് വളരെ അധികം രസകരമായിരിക്കുമെന്ന്", ആയുഷ്മാൻ കുറിച്ചു. 

തഹീറയെ തോളിലേറ്റി നിൽക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. പ്രിയങ്ക ചോപ്ര, തമ്പു, ഭൂമി പെഡ്‌നേക്കര്‍ ബിപാഷ ബസു തുടങ്ങിവർ ഇരുവർക്കും ആശംസ നേർന്ന് രം​ഗത്തെത്തിയിരുന്നു. 2008ലാണ് ഇവർ വിവാഹിതരാകുന്നത്.