Asianet News MalayalamAsianet News Malayalam

'ആറാട്ട് വര്‍ക്ക് ആയില്ല, ട്രോള്‍ ചെയ്യപ്പെടുന്നെന്ന് മമ്മൂക്കയോട് പറഞ്ഞു'; മമ്മൂട്ടി നല്‍കിയ മറുപടി

"ഞാന്‍ സംഹാരമൂര്‍ത്തി എന്ന ക്രിസ്റ്റഫറിലെ ഒരു ഡയലോഗ് ആണ് അടുത്തിടെ ട്രോള്‍ ആയി കണ്ടത്. ഒരുപാട് ആലോചിച്ച് ഞാന്‍ ഒഴിവാക്കിയ ഡയലോഗ് ആണത്"

b unnikrishnan about mammoottys reply when told aaraattu is being trolled mohanlal nsn
Author
First Published Mar 22, 2023, 10:48 AM IST

കരിയറിലെ ഭൂരിഭാഗം ചിത്രങ്ങളിലും സൂപ്പര്‍താരങ്ങളെ നായകന്മാരാക്കാന്‍ അവസരം ലഭിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലെത്തിയ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മമ്മൂട്ടിയും മറ്റൊന്നില്‍ മോഹന്‍ലാലുമായിരുന്നു നായകന്മാര്‍. ആറാട്ടും ക്രിസ്റ്റഫറുമായിരുന്നു ആ ചിത്രങ്ങള്‍. ആറാട്ട് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റഫറിനും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ക്രിസ്റ്റഫര്‍ ഉണ്ടായിവന്ന വഴികളെക്കുറിച്ച് പറയുകയാണ് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍. ക്രിസ്റ്റഫര്‍ നഷ്ടം വരുത്തിയ സിനിമയല്ലെന്ന് പറയുന്നു അദ്ദേഹം. അതിന്‍റെ കാരണങ്ങളെക്കുറിച്ചും.

"ക്രിസ്റ്റഫറിന്‍റെ തിരക്കഥ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അത് ഇന്‍ററസ്റ്റിംഗ് ആണ്, ചെയ്യാം എന്നായിരുന്നു പ്രതികരണം. കൊറോണ എത്ര കാലം നീളുമെന്ന് അന്ന് അറിയില്ലായിരുന്നു. മമ്മൂക്ക ഭീഷ്മ പര്‍വ്വം ചിത്രീകരിക്കാന്‍ പോവുന്ന സമയമായിരുന്നു. ആറാട്ടിനു ശേഷം ഞാന്‍ വീണ്ടും മമ്മൂക്കയെ പോയി കണ്ടു. ആറാട്ട് വര്‍ക്ക് ആയില്ലെന്നും ഭയങ്കരമായി ട്രോള്‍ ചെയ്യപ്പെടുന്നുണ്ട് എന്നും പറഞ്ഞു. വേണമെങ്കില്‍ നമുക്ക് ഇതൊന്ന് മാറ്റിവെക്കാം എന്നും. അതിന്‍റെയൊന്നും ആവശ്യമില്ലെന്നും സിനിമയാവുമ്പോള്‍ ഇതൊക്കെ സംഭവിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നിങ്ങള്‍ തിരക്കഥയില്‍ ശ്രദ്ധ കൊടുക്കൂ എന്നും. ഫൈനല്‍ ഡ്രാഫ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹം ഓകെ പറഞ്ഞു. ആ തിരക്കഥയില്‍ പ്രശ്നങ്ങളില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അത് കഥാപാത്ര കേന്ദ്രീകൃതമായ സിനിമയാണ്. പുള്ളിയുടെ ഒരു ഏകാന്തത, യാത്ര, തീവ്രത ഒക്കെയുണ്ട്. കഥാപാത്രത്തിന്‍റെ അകം അനുഭവിപ്പിക്കുന്ന തരത്തില്‍, അതേസമയം സ്റ്റൈലൈസ്ഡ് ആയി ഷൂട്ട് ചെയ്യാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഈ സിനിമ ഒരിക്കലും ഒരു നഷ്ടമല്ല. തിയറ്ററിന് പുറത്ത് ഇന്ന് സിനിമയ്ക്ക് വരുമാനമുണ്ട്. തിയറ്ററില്‍ നിന്ന് ലഭിക്കേണ്ട മിനിമം കളക്ഷന്‍ എത്രയെന്ന് നിങ്ങള്‍ക്ക് അറിയാം. അതിനെ കുറച്ച് കൊണ്ടുവന്ന് സിനിമ ചെയ്താല്‍ നിങ്ങള്‍ക്ക് ഭയക്കാനില്ല. ആ രീതിയില്‍ വര്‍ക്ക് ആയ സിനിമയാണിത്", ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

"ചിത്രത്തിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അക്കാര്യങ്ങളെക്കുറിച്ചെല്ലാം രാഷ്ട്രീയമായി എനിക്ക് സംശയങ്ങളുണ്ട്. വ്യക്തിപരമായി 100 ശതമാനം അതിന് എതിരാണ് ഞാന്‍. ഇന്ത്യയിലെ ഏറ്റുമുട്ടല്‍ കൊലകള്‍ എടുത്താല്‍ ഇരകളില്‍ 80 ശതമാനം ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരാണ്. താഴ്ന്ന വര്‍ഗ്ഗത്തില്‍ പെടുന്നവരുമായിരിക്കും. ക്രിസ്റ്റഫറിലെ ഇരകളെ ഉയര്‍ന്ന വര്‍ഗ്ഗക്കാരാക്കിയത് ബോധപൂര്‍വ്വമായ തീരുമാനമായിരുന്നു. ഞാന്‍ സംഹാരമൂര്‍ത്തി എന്ന ക്രിസ്റ്റഫറിലെ ഒരു ഡയലോഗ് ആണ് അടുത്തിടെ ട്രോള്‍ ആയി കണ്ടത്. ഒരുപാട് ആലോചിച്ച് ഞാന്‍ ഒഴിവാക്കിയ ഡയലോഗ് ആണത്. അത് തിരക്കഥയില്‍ ഉണ്ടായിരുന്നതല്ല. എനിക്ക് സൃഷ്ടിയുമില്ല, സ്ഥിതിയുമില്ല, സംഹാരം മാത്രമേയുള്ളൂ എന്ന് പറഞ്ഞിട്ടാണ് ഇദ്ദേഹം പോകുന്നത്. ആ സ്ഥലത്ത് ഒരു ഇംപ്രൊവൈസേഷന്‍ നടന്നതാണ്. കണ്ടുകഴിഞ്ഞ് മമ്മൂക്കയോടും ഇക്കാര്യം പറഞ്ഞു. അപ്പോള്‍ മമ്മൂക്കയും കണ്ടു. എന്നിട്ട് ആ ഡയലോഗ് അദ്ദേഹം വീണ്ടും ഡബ്ബ് ചെയ്തു. എന്നിട്ട് നിങ്ങള്‍ തീരുമാനിച്ചോളൂ എന്നുപറഞ്ഞ് അദ്ദേഹം പോയി. പക്ഷേ ടീമിലെ ഭൂരിപക്ഷം പേരും അത് മാസാണ് ഇരിക്കട്ടെ എന്ന അഭിപ്രായക്കാരായിരുന്നു. ആ തീര്‍പ്പ് ഇല്ലേ? അതാണ് സിനിമ. ചിലപ്പോള്‍ അത് കയ്യില്‍ നിന്ന് പോകും", ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു. 

ALSO READ : തിയറ്ററില്‍ ഇല്ലാത്ത രംഗങ്ങളുമായി 'പഠാന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios