ഉണ്ണി മുകുന്ദനെതിരെ വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും ഫെഫ്ക.

കൊച്ചി: നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചുവെന്നും വിപിനെതിരെ നിലവിൽ സംഘടനയ്ക്ക് പരാതി ലഭിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഉണ്ണി മുകുന്ദനെതിരെ വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിപിനെതിരെ നടിമാർ പരാതി നൽകിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു വിപിൻ കുമാറിന്റെ പരാതി. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപണം ഉയർത്തിയിരുന്നു. മർദ്ദിച്ചെന്ന് വിപിൻ പറയുന്നത് അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നും ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

മുൻ മാനേജര്‍വിപിന്‍ കുമാര്‍ തന്നെക്കുറിച്ച് പലതും പറഞ്ഞുപരത്തിയെന്നും വിപിനെ മര്‍ദിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ച് ഉണ്ണി മുകുന്ദന്‍ പ്രസ്മീറ്റിലും എത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു. ടൊവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കിയിരുന്നു. 

ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞിരുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ വലിച്ചെറിഞ്ഞു. അത് സത്യമാണ്. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലും അല്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News