നടനും ഇർഫാൻ ഖാന്‍റെ മകനുമായ ബാബിൽ ഖാന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് കുടുംബം. ബാബിലിന് പിന്തുണയുമായി താരങ്ങൾ

നടനും ഇർഫാൻ ഖാന്‍റെ മകനുമായ ബാബിൽ ഖാൻ സിനിമാ മേഖലയിൽ താൻ നേരിടുന്ന ഒറ്റപ്പെടലിനെ കുറിച്ച് കണ്ണീരോടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ചില താരങ്ങളുടെ പേരുകളും പരാമർശിച്ചു. ആ വീഡിയോ അതിവേഗം വൈറലാവുകയും പല വ്യാഖ്യാനങ്ങൾക്കും ഇടയാക്കുകയും ചെയ്തു. വൈകാതെ വീഡിയോ ഡിലീറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ബാബിൽ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. 

ബോളിവുഡ് വ്യാജവും പരുഷവുമാണെന്നാണ് ബാബിൽ വീഡിയോയിൽ പറഞ്ഞത്- "ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, ഷാനയ കപൂർ, അനന്യ പാണ്ഡെ, അർജുൻ കപൂർ, സിദ്ധാന്ത് ചതുർവേദി, രാഘവ് ജുയാൽ, ആദർശ് ഗൗരവ്, പിന്നെ... അരിജിത് സിംഗ് തുടങ്ങിയ ആളുകളുണ്ടെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനിയും ഒരുപാട് പേരുണ്ട്. ബോളിവുഡ് മര്യാദയില്ലാത്തതാണ്". ഇതോടെ ഈ താരങ്ങൾക്കെതിരെയാണ് ബാബിൽ പറഞ്ഞതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. പിന്നാലെയാണ് കുടുംബം വിശദീകരണവുമായി രംഗത്തെത്തിയത്.

കുടുംബത്തിന്‍റെ പ്രസ്താവനയിങ്ങനെ- "കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബാബിൽ ഖാൻ നടനെന്ന നിലയിലും മാനസികാരോഗ്യത്തെ കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾ കാരണവും വളരെയധികം സ്നേഹവും അഭിനന്ദനവും നേടിയിട്ടുണ്ട്. മറ്റാരെയും പോലെ, ബാബിലിനെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ ദിവസങ്ങളുണ്ട്. ഇത് അതിലൊന്നായിരുന്നു. ബാബിലിന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം സുരക്ഷിതനാണെന്നും ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നും ഞങ്ങൾ ഉറപ്പുനൽകുന്നു"

വീഡിയോയിൽ തന്റെ ചില സമപ്രായക്കാരെ ബാബിൽ ആത്മാർത്ഥമായി അഭിനന്ദിക്കുകയായിരുന്നുവെന്നു കുടുംബം വിശദീകരിക്കുന്നു. അനന്യ പാണ്ഡെ, ഷാനയ കപൂർ, സിദ്ധാന്ത് ചതുർവേദി, രാഘവ് ജുയാൽ, ആദർശ് ഗൗരവ്, അർജുൻ കപൂർ, അരിജിത് സിംഗ് തുടങ്ങിയ കലാകാരന്മാരെക്കുറിച്ച് ആരാധനയോടെയാണ് ബാബിൽ സംസാരിച്ചതെന്നും കുടുംബം വിശദീകരിച്ചു. വീഡിയോ ക്ലിപ്പുകളിലെ ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കരുതെന്ന് കുടുംബം അഭ്യർത്ഥിച്ചു.

പിന്നാലെ അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുർവേദി, രാഘവ് ജുയൽ എന്നിവർ ബാബിലിനെ പിന്തുണച്ചെത്തി. എപ്പോഴും കൂടെയുണ്ടെന്നാണ് അനന്യ കുറിച്ചത്. തനിക്ക് ഒരു പുസ്തകമല്ല ചരിത്രമെഴുതണം എന്ന് ബാബിൽ പറയുന്ന വീഡിയോ സിദ്ധാന്ത് ചതുർവേദി പങ്കുവച്ചു.