ബാബു ആന്‍റണി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവര്‍ സ്റ്റാര്‍'. ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിനായി തീരുമാനിച്ചിരിക്കുന്ന തന്‍റെ കഥാപാത്രത്തിന്‍റെ ലുക്കിന്‍റെ സ്കെച്ച് പുറത്തുവിട്ടിരിക്കുകയാണ് ബാബു ആന്‍റണി.

ഒരുകാലത്ത് ആക്ഷന്‍ ഹീറോ ആയി ബാബു ആന്‍റണി തിളങ്ങിനിന്നിരുന്ന കാലത്തെ സിനിമകളിലേതിന് സമാനമായ ലുക്കാണ് ഇത്. വളര്‍ത്തിയ താടിയും തോളില്‍ നിന്ന് മുന്നിലേക്ക് കിടക്കുന്ന നീട്ടിയ മുടിയും കാതിര്‍ കടുക്കനും കൂളിംഗ് ഗ്ലാസുമൊക്കെ ചേരുന്നതാണ് കഥാപാത്രത്തിന്‍റെ ലുക്ക്. തന്‍റെ ആരാധകരുടെ ഇഷ്ടം മാനിച്ചാണ് ഒമര്‍ ലുലു ഈ ലുക്ക് അന്തിമമായി തീരുമാനിച്ചിരിക്കുന്നതെന്നും ചിത്രം തുടങ്ങാന്‍ താനും കാത്തിരിക്കുകയാണെന്നും ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്.