സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കോൺട്രോളറും കൂടിയാണ് ബാബു ഷാഹിർ. 

സൗബിന്‍ ഷാഹിര്‍(Soubin Shahir), മംമ്ത മോഹന്‍ദാസ്(Mamtha Mohandas) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'മ്യാവൂ'(Meow). ലാൽജോസ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്റുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൗബിന്റെ പിതാവ് ഷാഹിർ. ചിത്രം കണ്ട അഭിപ്രായം സംഗീതസംവിധയകാൻ ഔസേപ്പച്ചൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് മകന്റെ അഭിനയത്തെ കുറിച്ച് ബാബു ഷാഹിർ എത്തിയത്.

"ഞാനും ഈ സിനിമ കണ്ടു മകൻ ആയതു കൊണ്ട് പറയുകയല്ല അവൻ എൻ്റെ കണ്ണുനനയിച്ചു... അതിനു അവസരം കൊടുത്ത ലാലുവിനും,ഇക്ബാൽ കുറ്റി പുറത്തിനും നന്ദി,ഒരുപാട് ...ഒരുപാട്..." ബാബു ഷാഹിർ കുറിച്ചു. സിനിമ നിർമ്മാതാവും പ്രൊഡക്ഷൻ കോൺട്രോളറും കൂടിയാണ് ഷാഹിർ. 

ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്‍ലെയ്‍സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള മൂന്ന് ചിത്രങ്ങള്‍. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുപിടി പ്രവാസി കലാകാരന്മാരും കഥാപാത്രങ്ങളെ അവതരിപ്പിക്കും. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.