നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത 'ബേബി ഗേൾ' തിയേറ്ററുകളിൽ എത്തി. ആദ്യ പ്രതികരണങ്ങള്‍

നിവിന്‍ പോളി കരിയറില്‍ വന്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ക്രിസ്മസ് റിലീസ് ആയി എത്തിയ സര്‍വ്വം മായ. ഇപ്പോഴിതാ സര്‍വ്വം മായ തിയറ്ററുകളില്‍ തുടരുമ്പോള്‍ത്തന്നെ നിവിന്‍റെ അടുത്ത ചിത്രവും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ബേബി ഗേള്‍ എന്ന ചിത്രം തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. നിവിന്‍ പോളി വിജയ യാത്ര തുടരുമോ എന്ന് അറിയാനാണ് പ്രേക്ഷക സമൂഹത്തിന്‍റെ കാത്തിരിപ്പ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.

ആദ്യ പ്രതികരണങ്ങള്‍

ആദ്യ ദിനം ആദ്യ ഷോകള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നിവിൻ പോളി തന്റെ ഹിറ്റ്‌ സ്ട്രീക് തുടരും എന്നാണ് നിതിന്‍ മോഹന്‍ എന്നയാള്‍ മൂവ് സ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്. അത്യാവശ്യം ഇമോഷണൽ എലമെന്റുകളോടെ ഒരുക്കിയ നല്ലൊരു പടം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒരു മിസ്റ്ററി അറ്റ്മോസ്ഫിയർ തുടക്കം മുതൽ അവസാനം വരെ നിലനിർത്തിയാണ് അരുൺ വർമ ഈ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ഇമോഷണല്‍ ആയിട്ടാണ് ചിത്രം കഥ പറയുന്നതെന്നും നിതീഷ് മോഹന്‍ എന്നയാള്‍ കുറിച്ചിരിക്കുന്നു. ഗംഭീര ത്രില്ലര്‍ ആണ് ചിത്രമെന്ന് വിമല്‍ റെഡ്ഡി എന്ന എക്സ് അക്കൗണ്ട് കുറിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ ആദ്യ പകുതി കഴിഞ്ഞുള്ള നിരവധി പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ചും എക്സില്‍ എത്തിയിട്ടുണ്ട്. അതില്‍ മിക്കതും പോസിറ്റീവ് ആണ്.

Scroll to load tweet…

ബോബി- സഞ്ജയ്‍യുടെ തിരക്കഥയില്‍ നിവിന്‍ പോളി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പിനേഷനാണ് ഈ ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെയാണ് മറ്റ് താരനിര.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming