Asianet News MalayalamAsianet News Malayalam

'എനിക്ക് വേണ്ടി നീയും, നിനക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം എന്ന് പറഞ്ഞാണ് സച്ചിയേട്ടൻ പോയത്, പിന്നെ വന്നില്ല'

സച്ചിയേട്ടൻ ആദ്യത്തെ സർജറിക്ക് പോകുമ്പോൾ, ഞാൻ വീട്ടിൽ പോയി സംസാരിച്ചിരുന്നു. നല്ല പേടി ഉണ്ടായിരുന്നു പുള്ളിക്ക്. എടാ ഇതെങ്ങനെ ആണെന്ന് എന്നൊക്കെ ചോദിച്ചു- പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബാദുഷ എഴുതുന്നു.

Badusha writes about Sachy
Author
Kochi, First Published Jun 18, 2021, 9:51 AM IST

ചുരുക്കം ചില സിനിമകൾ മാത്രമെ ചെയ്‍തിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് എന്നും ഓർക്കാൻ മികച്ച കഥകളെയും കഥാപാത്രങ്ങളെയും സമ്മാനിച്ചാണ് കെ ആര്‍ സച്ചിദാന്ദൻ എന്ന സച്ചി ഈ ലോകത്തോട് വിടപറഞ്ഞത്. ഇനിയും ചെയ്യാൻ ഏറെ ബാക്കിവച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. സച്ചിയുടെ വിയോഗത്തിന് ഒരാണ്ട് തികയുമ്പോൾ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്  സുഹൃത്തും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ.

സച്ചിയേട്ടൻ സിനിമയിൽ വന്ന സമയത്ത് ചെറിയ രീതിയിലുള്ള പരിചയം മാത്രമേ ഞങ്ങള്‍ തമ്മിൽ ഉണ്ടായിരുന്നുള്ളൂ. പൃഥ്വിരാജിന്റെ പിക്കറ്റ് 43 എന്ന ചിത്രത്തിന്റെ കാശ്‍മീർ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. ഒരാഴ്‍ച അവിടെ ഉണ്ടായിരുന്നു. ആ ഒരാഴ്‍ച കൊണ്ടുതന്നെ ഞങ്ങൾ  അടുത്തു. കൂട്ടുകാരൻ അല്ലെങ്കിൽ സഹോദരൻ എന്നൊരു ബന്ധമായിരുന്നു അത്. അനാർക്കലിക്ക് ശേഷം വേറെ ഏതെങ്കിലും സിനിമ ചെയ്യുന്നുണ്ടെങ്കിൽ 'നീ ആയിരിക്കും എന്നോടൊപ്പം വർക്ക് ചെയ്യുന്നത്' എന്ന ഉറപ്പും തന്നിട്ടാണ് സച്ചിയേട്ടൻ അന്നു പോയത്.Badusha writes about Sachy

അതിന് ശേഷം നാട്ടിൽ വന്നിട്ടാണെങ്കിലും എന്ത് കാര്യം ഉണ്ടെങ്കിലും ഞങ്ങൾ പരസ്‍പരം ആശയവിനിമയം നടത്തുമായിരുന്നു. ലക്ഷദ്വീപിൽ അനാർക്കലി ഷൂട്ട് ചെയ്യുമ്പോൾ ഞാനും ഒരാഴ്‍ച അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളരെ നല്ല രീയിൽ ദൃഢമായി വരുന്ന സമയങ്ങളായിരുന്നു ഇവയെല്ലാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വേർപാട് മറക്കാനോ അല്ലെങ്കിൽ അദ്ദേഹം നമ്മോടൊപ്പം ഇല്ലായെന്നോ ചിന്തിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ഞാനിപ്പോഴും.

അയ്യപ്പനും കോശിയും പ്ലാൻ ചെയ്യുന്ന സമയത്ത് എന്നെ വിളിച്ചു.  നമ്മുടെ അടുത്ത പടം ഒരുങ്ങുകയാണെന്ന് എന്നാണ് പറഞ്ഞത്. ചിത്രം റിലീസ് ചെയ്യുന്നത് വരെയും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. ഷൂട്ടിംഗ് സമയത്ത് തന്നെ ഞാനും അദ്ദേഹവും കൂടി പല പ്രൊജക്ടുകളും പ്ലാൻ ചെയ്‍തു. നമുക്കൊന്നും യാതൊരു വിധത്തിലുള്ള ടെൻഷനൊന്നും തരാതെ, നല്ലൊരു ഫ്രണ്ട്‍ലി മൂഡായിരുന്നു ലൊക്കേഷനിൽ. എന്ത് കാര്യം ഉണ്ടെങ്കിലും അദ്ദേഹം അത് തുറന്ന് സംസാരിക്കും. ആർക്കും കൺഫർട്ടബിളായി വർക്ക് ചെയ്യാവുന്ന ആളായിരുന്നു അദ്ദേഹം.

സംവിധായകൻ ആകുന്നതിന് മുമ്പ്,  ഒരിക്കലും മാറ്റിനിർത്താനാകാത്ത ഒരു തിരക്കഥാകൃത്തായി മാറിയിരുന്നു സച്ചിയേട്ടൻ. ഡയറക്ട് ചെയ്‍ത രണ്ട് സിനിമകൾ തന്നെ നോക്കിയാൽ അറിയാം അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അത്തരത്തിലുള്ള സിനിമകൾ ചെയ്യാനാകില്ല. രണ്ടും രണ്ട് തത്തിലുള്ള സിനിമകളാണ്. ഒന്നിൽ പ്രണയമാണെങ്കിൽ മറ്റൊന്നിൽ പകയായിരുന്നു. അവ കഴിഞ്ഞ് സച്ചിയേട്ടൻ ചെയ്യാനിരുന്നത് ഒരുപക്ഷേ മറ്റൊരു തരത്തിലുള്ള ചിത്രമായിരിക്കും. അദ്ദേഹത്തെ പോലൊരു സംവിധായകനെ ഇനിയൊരിക്കലും മലയാള സിനിമക്ക് ലഭിക്കില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ തിരക്കഥയും സംവിധാനവും അദ്ദേഹത്തിൽ മാത്രം നടക്കുന്ന ഒരുകാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. തിരക്കഥയിലും സംവിധാനത്തിലും സച്ചിയേട്ടന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മലയാള സിനിമ ഉള്ളിടത്തോളം കാലം സച്ചിയെന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും ജനങ്ങൾ മറക്കില്ല.Badusha writes about Sachy

ആദ്യം മുതൽ അദ്ദേഹം എന്നെ വിളിക്കുന്നത് ബാദു കുട്ടാ.. അല്ലെങ്കിൽ ബാദു മോനെ എന്നാണ്. ഞങ്ങൾ തമ്മിലായാലും കുടുംബവുമായിട്ടായാലും അങ്ങനെ ഒരു ആത്മബന്ധമാണ് ഉള്ളത്. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ഞാൻ ഒരിക്കലും സച്ചിയേട്ടനെ മറക്കില്ല. അത്രയ്ക്ക് സ്‍നേഹമാണ് സച്ചിയേട്ടൻ എനിക്ക് തന്നത്. പല ദിവസങ്ങളിലും അദ്ദേഹത്തെ സ്വപ്‍നം കണ്ട് ഞാൻ എഴുന്നേൽക്കാറുണ്ട്. എന്റെ പിറന്നാൾ ദിവസം ഉറങ്ങാൻ പോകുന്ന സമയത്ത് സച്ചിയേട്ടൻ 'ബാദു മോനെ എടാ' എന്ന് വിളിക്കുന്നത് പോലെ തോന്നി. അന്നാണ് കഴിഞ്ഞ വർഷം അദ്ദേഹം എനിക്കയച്ച പിറന്നാൾ ആശംസ വീഡിയോ പോസ്റ്റും ചെയ്യുന്നത്.

സച്ചിയേട്ടൻ ആദ്യത്തെ സർജറിക്ക് പോകുമ്പോൾ, ഞാൻ വീട്ടിൽ പോയി സംസാരിച്ചിരുന്നു. നല്ല പേടി ഉണ്ടായിരുന്നു പുള്ളിക്ക്. എടാ ഇതെങ്ങനെ ആണെന്ന് എന്നൊക്കെ ചോദിച്ചു. എന്റെ അനുഭവത്തിൽ നിന്ന് ചില കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തപ്പോൾ സച്ചിയേട്ടന് ഒരു ധൈര്യമൊക്കെ വന്നു. രണ്ടാമത്തെ സർജറിക്ക് പോകുമ്പോൾ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല.

എനിക്കും ആ സമയത്ത് ഒരു സർജറി ഉണ്ടായിരുന്നു. 'അഡ്‍മിറ്റ് ആകാൻ പോകുകയാണ് തിരിച്ച് വന്ന ശേഷം നമ്മൾ പറഞ്ഞ എല്ലാ പദ്ധതികളും ഉഷാറായി മുന്നോട്ട് കൊണ്ടുപോകാടാ, ഞാനും പോയിട്ട് വരാം, നീയും പോയിട്ട് വാ.. എനിക്ക് വേണ്ടി നിയും നിനക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കാം' എന്നാണ് അവസാനമായി ഞങ്ങൾ  സംസാരിക്കുന്നത്. പിന്നെ സച്ചിയേട്ടൻ തിരിച്ച് വന്നില്ല.

ഞാൻ സർജറി കഴിഞ്ഞ് കിടക്കുമ്പോൾ രാത്രിയാണ്, സച്ചിയേട്ടന് അറ്റാക്ക് വന്നെന്നും തൃശ്ശൂർക്ക് കൊണ്ടുവരികയാണെന്നും അറിഞ്ഞത്. അത് കേട്ടത് മുതൽ ഉറക്കം നഷ്‍ടപ്പെട്ട സമയങ്ങളായിരുന്നു എനിക്ക്. ഓരോ ദിവസവും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. പക്ഷേ, നമ്മളെക്കാൾ ഇഷ്‍ട ദൈവത്തിന് ആയത് കൊണ്ട് അദ്ദേഹത്തെ അങ്ങോട്ട് കൊണ്ടുപോയി.

Follow Us:
Download App:
  • android
  • ios