എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം, 'ഭഗവന്ത് കേസരി'യുടെ പൂർണ്ണമായ റീമേക്കല്ല. ആദ്യഭാഗങ്ങളും ചില പ്രധാന രംഗങ്ങളും മാത്രമാണ് എടുത്തിട്ടുള്ളതെന്നും 'ഭഗവന്ത് കേസരി'യുടെ സംവിധായകൻ അനിൽ രവിപുഡി വ്യക്തമാക്കി.

കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന വിജയ് ചിത്രം ജന നായകൻ റിലീസ് നീണ്ടുപോവുകയാണ്. സെൻസർ സെർട്ടിഫിക്കറ്റ് കിട്ടാത്തത് മൂലം ജനുവരി ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇനിയും തീരുമാനമായിട്ടില്ല. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ജന നായകനെന്ന ചർച്ചകൾ രൂപപ്പെട്ടിരുന്നു.

ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ഭഗവന്ത് കേസരിയുടെ സംവിധായകൻ അനിൽ രവിപുഡി. പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ലെന്നും, കുറച്ച് ഭാഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും അനിൽ രവിപുഡി പറയുന്നു. "വിജയ് ചിത്രം റീമേക്ക് ചെയ്യുന്നതിനായി ഭഗവന്ത് കേസരിയിൽ നിന്ന് ഒരംശം മാത്രമേ അവർ എടുത്തിട്ടുള്ളൂ. ആദ്യത്തെ 20 മിനിറ്റ്, ഇന്റർവെൽ ബ്ലോക്ക്, സെക്കന്റ് ഹാഫിലെ ചില രം​ഗങ്ങൾ ഇതൊക്കെയാണ് ജന നായകനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ വില്ലന്റെ ഭാ​ഗങ്ങൾ പൂർണമായും അവർ മാറ്റിയിട്ടുണ്ട്.റോബോർട്ട് പോലെയുള്ള സയൻസ്-ഫിക്ഷൻ എലമെന്റ്സ് കൊണ്ടുവരാനും എച്ച് വിനോദ് ശ്രമിച്ചിട്ടുണ്ട്". അനിൽ രവിപുഡി പറയുന്നു.

"ഇപ്പോൾ റീമേക്കിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഏറ്റവും മികച്ച സിനിമകളായിരിക്കും അതിനായി ആളുകൾ തിരഞ്ഞെടുക്കുന്നത്. ഇത്രയും വർഷങ്ങളായി ആളുകൾ ചെയ്തു വരുന്നതും അതാണ്. മറ്റൊരു ഭാഷയിൽ ഒരു സിനിമ എടുക്കുക എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഇവിടെയിപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളും നെ​ഗറ്റീവ് കമന്റുകളുമൊക്കെ കാരണം അവർ അത് പരസ്യമായി പറഞ്ഞില്ല എന്നതാണ്. അത് മറച്ചു വച്ചു മുന്നോട്ടു പോവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം തമിഴ് പ്രേക്ഷകർക്ക് ഇതൊരു പുതിയ വിഷയമാണ്. ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല." അനിൽ രവിപുഡി കൂട്ടിച്ചേർത്തു.

ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ. ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.