കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യവും സംസ്ഥാനവും. കൊവിഡിന്റെ സമൂഹ വ്യാപനം തടയാൻ രാജ്യത്തും സംസ്‍ഥാനത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ചിലര്‍ അവഗണിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരക്കാര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. കാര്യം നിസ്സാരമല്ല, പ്രശ്‍നം ഗുരുതരം തന്നെയാണ് എന്ന് ബാലചന്ദ്ര മേനോൻ പറയുന്നു.

ബാലചന്ദ്ര മേനോന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

എവിടെയും കൊറോണയാണ് ചർച്ചാ വിഷയം. ആ വൈറസിന്റെ ഭീകരത ആവുന്നത്ര പത്രമാധ്യമങ്ങൾ പറഞ്ഞു കഴിഞ്ഞു. ദൃശ്യമാധ്യമങ്ങൾ ക്രിക്കറ്റിലെ സ്‍കോർ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളിൽ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും പറഞ്ഞുകൊണ്ടേയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കോറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം!

നേരിട്ടുള്ള യുദ്ധത്തിനു വേണ്ടി കാത്തു നിൽക്കാതെ , കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സർക്കാർ നമ്മളോട് അഭ്യര്‍ത്ഥിക്കുന്നത്‌ . അതിന് ഏകമാർഗം പുറത്തിറങ്ങാതെ ഈ ഒരു ഘട്ടം കഴിയുന്നത് വരെ നാം വീട്ടിൽ കതകടച്ചിരിക്കുക എന്നതാണ് (Social Distancing) വീടിന്റെ ലക്ഷ്‍മണരേഖ എന്ന് പ്രധാനമന്ത്രി ഉദ്ദേശിച്ചതും അത് തന്നെയാണ് .

ഒരു രാജ്യത്തിനു വേണ്ടി , നാം ഉൾപ്പെടുന്ന അവിടുത്തെ ജനതക്ക് വേണ്ടി നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നമ്മോടു ആവശ്യപ്പെടുന്നത് അത് മാത്രമാണ് . നാം അത് പരിപാലിക്കുവാൻ കടപ്പെട്ടവരുമാണ്. എത്രയൊക്കെ പറഞ്ഞിട്ടും അത് പൂർണ്ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയിൽ നമ്മുടെ റോഡുകൾ വിജനമാവുന്നില്ല എന്നത് നാം തന്നെ കണ്ടറിയുന്നു. അതിലുപരി, കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളിൽ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊൾ "മലയാളിയുടെ സ്വകാര്യ അഹങ്കാരം " എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു . ഏവരും ഒത്തു പിടിച്ചാൽ നാം  കടമ്പ കടക്കും . അതിനു നാം കാശു മുടക്കേണ്ട , അദ്ധ്വാനിക്കേണ്ട , വെറുതെ അവനവൻ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാൽ മാത്രം മതി .ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഷ്‍ഠിക്കാൻ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ കരുതുക. ആ ധ്യാനത്തിൽ നമുക്ക് വേണ്ടി രാവും പകലും കഷ്‍ടപ്പെടുന്ന സഹജീവികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക. ഓർക്കുക. കാര്യം നിസ്സാരമല്ല ; പ്രശ്‍നം ഗുരുതരം തന്നെയാണ്.