മമ്മൂട്ടിയുടെ മുഖ്യമന്ത്രി കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ബാലചന്ദ്ര മേനോൻ.

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ സിനിമയാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വണ്ണില്‍ മമ്മൂട്ടിക്കൊപ്പം ബാലചന്ദ്ര മേനോൻ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മുഖ്യമന്ത്രി കഥാപാത്രത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

എന്റെ ചിത്രത്തില്‍ അന്ന് തന്നെ മന്ത്രിയാക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ, ഇവര്‍ തന്നെ മുഖ്യമന്ത്രിയാക്കി, അഭിനന്ദനങ്ങള്‍- ലൊക്കേഷനില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലിരിക്കുന്ന മമ്മൂട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ആദ്യമായി പറഞ്ഞ വാക്ക് ഇതാണ്. മമ്മൂട്ടി എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാണ്. അയാള്‍ക്കൊപ്പം ഒരു വേഷം ചെയ്യാന്‍ കിട്ടിയാല്‍ സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കും. രാഷ്ട്രീയക്കാരനായി മമ്മൂട്ടി തിളങ്ങുന്ന മറ്റൊരു ചിത്രം കൂടിയായിരിക്കും വണ്‍ എന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. മനോരമയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോൻ ഇക്കാര്യം പറയുന്നത്. നേരത്തെ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി കാര്‍ത്തികേയനെ അനുസ്‍മരിപ്പിക്കുന്ന മന്ത്രിയായി അഭിനയിച്ചിരുന്നു. സന്തോഷ് വിശ്വനാഥൻ ആണ് വണ്‍ സംവിധാനം ചെയ്യുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ എഴുതുന്നത്.