അരുൺ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം 'ബാന്ദ്ര' റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷം ഒടിടിയിലേക്ക്.
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ പരാജയമാണ് നേരിട്ടത്. ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം തമന്ന ഭാട്ടിയ ആയിരുന്നു നായികയായി എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഈ മാസം സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. സ്ട്രീമിംഗ് തിയ്യതി ഉടൻ തന്നെ പുറത്തുവിടും.
അതേസമയം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന നീക്കം ആണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം. ദിലീപിൻ്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്. ഉർവ്വശി തീയറ്റേഴ്‌സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.
സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേതെന്ന് അണിയറക്കാര്‍ പറയുന്നു.



