ദിലീപ് ചിത്രം 'ബാന്ദ്ര'യുടെ നിർമ്മാതാവ് വിനായക അജിത്ത് സിനിമയുടെ ഭീമമായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി. 24 കോടിയിൽ സിനിമ പൂർത്തിയാക്കുമെന്ന് എഴുതി നൽകിയിട്ടും ബഡ്ജറ്റ് ഇരട്ടിയായെന്നും, ഇതുമൂലം തനിക്ക് വലിയ നഷ്ടം സംഭവിച്ചെന്നും ചിത്രം വിറ്റുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Bandra movie, Dileep, Arun Gopy, Vinayaka Ajith
ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബാന്ദ്ര. വമ്പൻ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ പരാജയമാണ് നേരിട്ടത്. ഉദയകൃഷണ തിരക്കഥയെഴുതിയ ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർതാരം തമന്ന ഭാട്ടിയ ആയിരുന്നു നായികയായി എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് നിർമ്മാതാവ് വിനായക അജിത്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
17 കോടി ബഡ്ജറ്റ് നിശ്ചയിച്ചിരുന്ന ചിത്രം തീർന്നപ്പോൾ 35 കോടിയായെന്നും ഇതുവരെ ചിത്രം വിറ്റുപോയിട്ടില്ലെന്നും അജിത്ത് വിനായക പറയുന്നു. ബഡ്ജറ്റ് കൂടുന്നത് കണ്ടപ്പോൾ താൻ സംവിധായകൻ അരുൺ ഗോപിയുമായി സംസാരിച്ചെന്നും 24 കോടിയിൽ തീർക്കുമെന്ന് എഴുതി ഒപ്പിട്ട് തന്നതിന് ശേഷമാണ് വീണ്ടും ചിത്രത്തിന്റെ ബഡ്ജറ്റ് ഉയർന്നതെന്നും വിനായക അജിത്ത് വെളിപ്പെടുത്തി. തന്റെ പുതിയ സിനിമയായ ഹരിവരാസനത്തിന്റെ പൂജ ചടങ്ങുകൾക്കിടെ മംഗളം ടിവിയോടായിരുന്നു വിനായക അജിത്തിന്റെ പ്രതികരണം.
"അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര. തിരക്കഥ പരിചയപ്പെട്ട സമയത്ത് 12 കോടി ബഡ്ജറ്റിൽ ഉള്ള സിനിമയാണെന്നായിരുന്നു പറഞ്ഞത്. പിന്നെ 17 കോടി ബഡ്‌ജറ്റുള്ള സിനിമയായി. എത്ര ബഡ്ജറ്റ് ഉള്ള സിനിമയാണെങ്കിലും 2 കോടിക്ക് പുറത്ത് പ്രിന്റ് ആന്റ് പബ്ലിസിറ്റി ആവും. എത്ര ചെലവ് കുറച്ചാലും ഒന്നര കോടിക്ക് അകത്ത് നിൽക്കും. പക്ഷെ പുള്ളി എനിക്ക് ബഡ്ജറ്റ് കൊണ്ടുവന്ന് തന്നപ്പോൾ 17 കോടി കഴിഞ്ഞപ്പോൾ ഞാൻ ഈ സംവിധായകനെ ഷൂട്ട് നടക്കുന്നിടത്ത് കാണാൻ പോയി. ഇത് ഒരു കാരണവശത്താലും മുന്നോട്ട് പോകില്ലെന്ന് ഞാൻ പറഞ്ഞു. എനിക്ക് പറ്റില്ല, എന്റെ കയ്യിൽ സാമ്പത്തികമില്ലെന്ന് പറഞ്ഞു. 'അജിത്ത് ഏട്ടൻ ഒന്ന് കൊണ്ടും പേടിക്കണ്ട. 21 കോടിക്ക് അകത്ത് ഈ സിനിമ ഞാൻ തീർക്കും' എന്ന് അരുൺ ഗോപി എഴുതി ഒപ്പിട്ട് തന്ന പേപ്പർ എന്റെ കയ്യിലുണ്ട്. 21 കോടിയായിട്ട് സിനിമ തീർന്നില്ല. വീണ്ടും കേറുവാണ്. വീണ്ടും സംവിധായകനുമായി ഇരുന്നു. സിനിമയുടെ ബിസിനസ് നടക്കുന്നുണ്ടെന്നും ഇങ്ങോട്ട് വിളിച്ചോണ്ട് ഇരിക്കുവാണെന്നും പറഞ്ഞു. ഇങ്ങനെ പോയാൽ ബുദ്ധിമുട്ടാവും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു." വിനായക അജിത്ത് പറയുന്നു.
"നമ്മൾ വിചാരിക്കുന്നതിന് അപ്പുറം സിനിമ ഓടുമെന്ന് അയാൾ പറഞ്ഞു. അവസാനം പറഞ്ഞു 24 കോടിക്ക് അകത്ത് തീരുമെന്ന് പറഞ്ഞു. സിനിമ തീർന്നപ്പോൾ 35 കോടിയായി. ആ സിനിമയിലൂടെ എനിക്ക് കിട്ടിയത് വെറും മൂന്ന് കോടി മാത്രം. മൂന്ന് കോടി താഴെയാണ്. അത്രയും പണം എനിക്ക് നഷ്ടമാണ്. ഞാൻ മാത്രം ഒറ്റപ്പെട്ടു. സിനിമ തന്നെ വേണ്ടെന്ന് മനസുകൊണ്ട് വിചാരിച്ചതാണ്. പൈസ വനാകുമ്പോൾ വേറെയൊരു മുഖമാണ്. ഒരു മനുഷ്യന്റെ ആയിരം രൂപ പോയാലും അവൻ അങ്ങനെ ഉണ്ടാക്കുന്ന പൈസയാണ്. ഇതുവരെ സിനിമ വിറ്റിട്ടില്ല. ആ ഡയറക്ടർ ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. അതാണ് മലയാള സിനിമ. രണ്ടോ മൂന്നോ നിർമ്മാതാക്കൾ തുലഞ്ഞാലും ഇവരെ വച്ച് സിനിമ ചെയ്യാൻ പുതിയ നിർമ്മാതാക്കൾ വരും. ഇതുപോലെയുള്ള മോഹനവാഗ്ദാനങ്ങൾ അവരോടും പറയും. എല്ലാം കഴിയുമ്പോഴേക്കും കരയാൻ നമ്മൾ മാത്രമേ ബാക്കിയുണ്ടാവൂ. കരയാത്ത ദിവസങ്ങൾ ചുരുക്കമാണ്." വിനായക അജിത്ത് കൂട്ടിച്ചേർത്തു.



