മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന തന്‍റെ സിനിമയുടെ വ്യാജ പതിപ്പുകള്‍ക്കെതിരെ സംവിധായകന്‍ വിഷ്‍ണു നാരായണന്‍. വിഷ്‍ണുവിന്‍റെ ആദ്യ സംവിധാന സംരംഭമായ 'ബനേര്‍ഘട്ട' ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഈ മാസം 25നാണ് എത്തിയത്. ടെലിഗ്രാം വഴി പ്രചരിക്കുന്ന ചിത്രത്തിന്‍റെ ലിങ്കുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് സംവിധായകന്‍റെ പ്രതികരണം.

"സ്വന്തം സിനിമ ടെലിഗ്രാമില്‍ വന്നപ്പോൾ മാത്രം ഇവൻ പ്രതികരിക്കാൻ വന്നു എന്നു ചിന്തിച്ചു മനസ്സിൽ തെറിവിളിക്കുന്നവർ ഉണ്ടാകും. മറ്റാരും പ്രതികരിച്ചു കണ്ടില്ല. അതാ.. Stop Piracy എന്ന് എല്ലാരും എഴുതി കാണിക്കാറുണ്ട്. ആ എഴുത്തിൽ അവസാനിക്കുന്നു എല്ലാം. ബനേര്‍ഘട്ടയുടെ അവസ്ഥ മാത്രമല്ല ഇത്. ഒട്ടുമിക്ക സിനിമകളുടെ അവസ്ഥയും ഇതുതന്നെയാണ്. അതിൽ വലിയ സിനിമ ചെറിയ സിനിമ എന്നൊന്നും ഇല്ല. ഒരു സിനിമ ചെയ്തു നോക്കണം, അപ്പൊ മനസിലാകും. പ്രതികരിക്കണം എന്നു തോന്നുന്നവര്‍ക്കു പ്രതികരിക്കാം. #bantelegram", വിഷ്‍ണു നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ബനേര്‍ഘട്ടയില്‍ നായകനാവുന്നത് ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്‍ണന്‍ ആണ്. കോപ്പിറൈറ്റ് പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്‍ണനും ചേര്‍ന്നാണ്. ഛായാഗ്രഹണം ബിനു. എഡിറ്റിംഗ് പരീക്ഷിത്ത്. സംഗീതം റീജൊ ചക്കാലക്കല്‍.