നടൻ ബേസിൽ ജോസഫ്, ക്രിക്കറ്റ് താരം സഞ്ജു സാംസണുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. തങ്ങളുടെ ബന്ധം പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതവും സത്യസന്ധവുമാണെന്നും, അദ്ദേഹം വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയിലെ നടനും സംവിധായകനും ഇപ്പോൾ നിർമാതാവുമായി തിളങ്ങി നിൽക്കുകയാണ് ബേസിൽ ജോസഫ്. അടുത്ത വീട്ടിലെ പയ്യൻ ഇമേജ് എന്നും കാത്തുസൂക്ഷിക്കുന്ന ബേസിലിന് ആരാധകരും ഏറെയാണ്. സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ബേസിലും സഞ്ജു സാംസണും തമ്മിലുള്ള കൂട്ടുകെട്ട് വളരെ ശ്രദ്ധേയമാണ്. ടി20 വേൾഡ് കപ്പ് സമയത്ത് സഞ്ജുവിന്റെ പേരുള്ള ജേഴ്സി ധരിച്ച്, സ്റ്റേഡിയത്തിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്ന ബേസിലിനെയും മലയാളികൾ കണ്ടു. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"പരസ്പരം വളരെ ബഹുമാനമുള്ള രണ്ട് പേരാണ് ഞാനും സഞ്ജുവും. അതിനെ നമ്മള്‍ ആഘോഷിക്കുകയും ചെയ്യും. കൂടുതല്‍ ഒന്നും ആലോചിക്കാറില്ല. സാധാരണ ആള്‍ക്കാരെ പോലെ തന്നെ പെരുമാറുന്നു. ഫേമസ് ആയ ആള്‍ക്കാര്‍ അങ്ങനെ പെരുമാറാവൂ എന്നൊരു റൂള്‍ ഒന്നുമില്ലല്ലോ. നമുക്ക് അത്രയും ഇഷ്ടമുള്ളൊരാളുടെ കളി കാണാന്‍ പോകുമ്പോള്‍, അതിന് വേണ്ടി മരിച്ച് നില്‍ക്കുമല്ലോ. 'അടിക്ക് മോനേ. എങ്ങനെ എങ്കിലും കപ്പടിക്ക്. നമ്മളെ ജയിപ്പിക്ക്' എന്ന് പറയുമ്പോലേ. ആ ആള് പോയി കളിക്കുന്നു സിക്സടിക്കുന്നു കപ്പടിക്കുന്നു എന്നത് കാണുമ്പോള്‍ നമുക്കുണ്ടാകുന്നൊരു സന്തോഷമുണ്ട്. അത് തിരിച്ചുമുണ്ട്. ഞങ്ങള്‍ എപ്പോഴും കോണ്‍ടാകിലുണ്ട്. ഇതുപോലുള്ള സൗഹൃദങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. ഇവിടെ ഞങ്ങള്‍ ഈ ഒരു പ്രൊഫൈലില്‍ നില്‍ക്കുന്നത് കൊണ്ടാണ് സോഷ്യല്‍ മീഡിയിയലൂടെ ഒക്കെ ആളുകള്‍ അറിയുന്നത്. അല്ലാതെ ഒപ്പം പഠിച്ചവരുണ്ട്. നമ്മുടെ വിജയം കാണുമ്പോള്‍ സന്തോഷിക്കുന്നവര്‍. അവരുടെ സന്തോഷം നമ്മള് ആഘോഷിക്കാറുമുണ്ട്. അതൊന്നും സോഷ്യല്‍ മീഡിയയില്‍ വരില്ലെന്നെ ഉള്ളൂ. സഞ്ജുവിനും പണ്ട് മുതലുള്ള സുഹൃത്തുക്കളുണ്ട്. സത്യസന്ധമായ സൗഹൃദങ്ങള്‍", എന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്.
അതേസമയം, അതിരടി എന്ന സിനിമയാണ് ബേസിൽ ജോസഫിന്റേതായി റിലീസിന് ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ് തുടങ്ങിയവരും എത്തുന്ന ചിത്രം മികച്ചൊരു ക്യാമ്പസ് പശ്ചാലത്തിൽ ഒരുങ്ങുന്ന സിനിമയാണെന്നാണ് വിവരം. ചിത്രം മെയ് 14ന് തിയറ്ററിൽ ഒരുങ്ങും. ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ് അതിരടി.



