ബിഗ് ബോസ് താരം നൂറയുടെ പേരിൽ പ്രചരിക്കുന്ന രാഷ്ട്രീയ പ്രസ്താവന വ്യാജമെന്ന് താരം നൂറ. ഇത്തരം വ്യാജപ്രചരണങ്ങൾ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
102 സീറ്റുകൾ നേടി ബഹുഭൂരിപക്ഷത്തിൽ ആയിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്. അതേസമയം, കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിച്ച എൽഡിഎഫിന് 35 സീറ്റുകൾ മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി പദം ആര് അലങ്കരിക്കുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനൊപ്പം തന്നെ പിണറായി വിജയനെ പ്രശംസിച്ചും അവർക്ക് വന്ന വീഴ്ചകൾ എന്താണെന്നുമെല്ലാം പറഞ്ഞുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തതവസരത്തിൽ പിണറായി വിജയനെ കുറിച്ച് താൻ പറഞ്ഞെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം നൂറ.
"നന്ദിയില്ലാത്ത കുറേ പേര്‍ ചോദിക്കുന്നുണ്ട് പിണറായി വിജയന്‍ എന്ത് ചെയ്തു എന്ന്. എന്താണ് അദ്ദേഹം ചെയ്യാത്തത് ? ഞാന്‍ പ്രൗഡ് ആയി തന്നെ പറയും ഞാന്‍ പിണറായി വിജയന്‍റെ ഹ്യൂജ് ഫാന്‍", എന്ന് നൂറ പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത. എന്നാൽ ഇത് യഥാർത്ഥത്തിൽ പറഞ്ഞത് മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ നോറ ആയിരുന്നു. ഇതാണ് നൂറയുടെ പേരിൽ പ്രചരിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട നൂറ പ്രതികരിക്കുകയായിരുന്നു. എന്തിനാണ് ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് നൂറ പറയുന്നത്. "ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കണ്ടു. എന്‍റെ ഫോട്ടോയാണ് അതിലുള്ളത്. വേറൊരാള്‍ അവരുടെ പൊളിറ്റിക്കല്‍ വ്യൂസ് പറഞ്ഞതാണ് അത്. പക്ഷേ അവരുടെ ഫോട്ടോയോ മറ്റോ ഉപയോഗിക്കുന്നതിന് പകരം എന്‍റേതാണ് ഉപയോഗിച്ചത്. എന്‍റെ പേരും ഉപയോഗിച്ചിട്ടുണ്ട്. ഞാന്‍ ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ച് കുറേ പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ ഒരിടത്തും പോയി പൊളിറ്റിക്കല്‍ വ്യൂവ്സ് പറയുന്ന ആളല്ല. പക്ഷേ എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് എനിക്കറിയില്ല. വ്യാജ വിവരങ്ങള്‍ കൊടുക്കുന്നതെന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. അതിലൂടെ അവര്‍ക്ക് എന്താണ് കിട്ടുന്നത്. ആള്‍ക്കാര് കാണുമ്പോള്‍, ങേ.. ഇവള്‍ ഇങ്ങനെ പറഞ്ഞോ ? എന്ന് ചിന്തിക്കും. ഇവളാരാ ഇത് പറയാന്‍ എന്ന് ചോദിച്ച് കൊണ്ടുള്ള കമന്‍റുകളും വരുന്നുണ്ട്. ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അതിനെ പറ്റി എനിക്ക് ഒന്നും പറയാനുമില്ല. പക്ഷേ ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്ലീസ് നിര്‍ത്തൂ. അത് ശരിയായ കാര്യമല്ല", എന്നായിരുന്നു നൂറയുടെ വാക്കുകൾ.



