ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ സിനിമയാണ് പൊൻമാൻ.
സമീപകാലത്ത് ഫീൽ ഗുഡ് സിനിമകൾ സിനിമാസ്വാദകർക്ക് സമ്മാനിക്കുന്ന നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. പുതി ചിത്രത്തിൽ നായകൻ ബേസിൽ എന്നറിഞ്ഞാൽ ആ സിനിമയ്ക്ക് മിനിമം ഗ്യാരന്റി ഉറപ്പെന്നാണ് പ്രേക്ഷകർ പറയുന്നത്. വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ബേസിലിന്റേതായി ഏറ്റവും ഒടുവിൽ എത്തിയ ചിത്രമാണ് പൊൻമാൻ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആവേശം, രോമാഞ്ചം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സജിൻ ഗോപുവാണ് പൊൻമാനിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത്. മുൻ സിനിമകളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച സജിൻ പൊൻമാനിലും സിനിമാസ്വാദകരെ നിരാശപ്പെടുത്തിയില്ല. ഒപ്പം ബേസിൽ കൂടിയായപ്പോൾ പിന്നെ പറയേണ്ടല്ലോ പൂരം. തൊട്ടതെല്ലാം പൊന്നാക്കി പൊൻമാൻ കസറിക്കയറി. പ്രേക്ഷക- നിരൂപക പ്രശംസയ്ക്ക് ഒപ്പം ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയും പൊൻമാന് ലഭിക്കുന്നുണ്ട്.

ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ സിനിമയാണ് പൊൻമാൻ. നോവലിന്റെ ആധികാരികത ഒന്നും നഷ്ടമാകാതെ തിരക്കഥയിലും സംഭാഷണത്തിലും അടക്കം മികച്ച പ്രകടനം പൊൻമാൻ കാഴ്ചവച്ചിട്ടുണ്ട്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ബേസിൽ ജോസഫ് ശൈലിയിലുള്ള ലഘു നർമ്മ മുഹൂർത്തങ്ങൾക്കൊപ്പം ത്രില്ലർ, ഡ്രാമ, ആക്ഷൻ എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് ചിത്രത്തിൽ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജ്യോതിഷ് ശങ്കർ ആണ് സംവിധാനം ചെയ്തത്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷിന്റെ ആദ്യ സംവിധാന ചിത്രം കൂടിയാണിത്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കെജിഎഫിന്‍റെ മണ്ണിൽ തരംഗമാകാൻ 'മാർക്കോ'; ഉണ്ണി മുകുന്ദന്‍ ചിത്രം ഇന്ന് മുതൽ കന്നഡയിൽ

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

25ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
