മലയാളത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ ഗംഭീര വിജയത്തിന് ശേഷമായിരുന്നു ബേസിൽ ജോസഫ് രൺവീർ സിങ്ങിനെ നായകനാക്കി മറ്റൊരു സൂപ്പർ ഹീറോ ചിത്രമായ ശക്തിമാൻ സംവിധാനം ചെയ്യാൻ പോകുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിൽ വലിയ രീതിയതിൽ ചർച്ചചെയ്യപ്പെട്ട സിനിമയായിരുന്നു രൺവീർ സിങ് നായകനായി എത്തുന്ന 'ശക്തിമാൻ'. എന്നാൽ ആ സിനിമയ്ക്ക് വേണ്ടി ബേസിൽ ജോസഫ് കളഞ്ഞത് രണ്ട് വർഷമാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ബേസിൽ തന്നെയാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്ന് ദി ലോങ്ങസ്റ്റ് ഇന്റർവ്യൂ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.

"വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങൾ ചെയ്‌ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാൻ ചോദിച്ചത്. ശക്തിമാന് വേണ്ടി ജീവിതത്തിലെ രണ്ടുവർഷം പാഴായെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണ് പിടിച്ചുനിന്നത് എന്നും ബേസിൽ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നത് എന്ന് ഞാൻ മറുപടി നൽകി. ആ മനുഷ്യൻ രണ്ടുവർഷം പാഴാക്കി." അനുരാഗ് കശ്യപ് പറഞ്ഞു.

മലയാളത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ ഗംഭീര വിജയത്തിന് ശേഷമായിരുന്നു ബേസിൽ ജോസഫ് രൺവീർ സിങ്ങിനെ നായകനാക്കി മറ്റൊരു സൂപ്പർ ഹീറോ ചിത്രമായ ശക്തിമാൻ സംവിധാനം ചെയ്യാൻ പോകുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

Scroll to load tweet…

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്

സഹസംവിധായകനായി മലയാള സിനിമയിൽ കരിയർ തുടങ്ങി, സംവിധായകനായും സഹ നടനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയതാരം ബേസിൽ ജോസഫ് സിനിമ നിർമ്മാണ രംഗത്തേക്ക് കിടക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപനം വന്നിരുന്നു. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ആനിമേഷൻ ടൈറ്റിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബേസിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം ആദ്യമായി നിർമ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈലം സ്ഥാപകൻ ഡോ. അനന്തുവും പുതിയ ചിത്രത്തിൽ നിർമ്മാണ പങ്കാളിയാണ്.

മിന്നൽ മുരളി 2 വരുമോ?

അതേസമയം കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബേസിൽ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ഗോദ, മിന്നൽ മുരളി എന്നീ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തു. മിന്നൽ മുരളി രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശിവപ്രസാദ് സംവിധാനം ചെയ്ത 'മരണമാസ്' ആയിരുന്നു ബേസിൽ നായകനായി എത്തിയ ഒടുവിലത്തെ ചിത്രം. തിയേറ്ററിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു നേടിയത്. മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ കാമിയോ റോളിലും ബേസിൽ എത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News