ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ 'പ്രേമലു'വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചാലക്കുടി , പൊള്ളാച്ചി , ഗോവ , ഹൈദ്രബാദ് , കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്
പ്രേക്ഷക മനസ്സിൽ നിവിൻ ഇടം നേടിയതും, നിവിൻ ഒരു താരമായി ഉയർന്നതും എല്ലാം മുൻകാലങ്ങളിൽ ചെയ്ത റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ആണെന്നിരിക്കെ ആ ജോണറിലെ മലയാളത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച സംവിധായകനായ ഗിരീഷ് എ ഡിയുമായി ഒരുമിച്ചൊരു ചിത്രം വരുമ്പോൾ പ്രതീക്ഷയേറുന്നത് സ്വാഭാവികം. 2026 ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.
ചിത്രത്തിന്‍റെ നിർമ്മാണം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിലും , ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർവ്വഹിക്കുന്നു. 'പ്രേമലു'വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
