ഇറോസ് നൗവിന് വേണ്ടി ഒരുക്കിയിരിക്കുന്ന സീരീസ് നാളെ മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും.

'ശെയ്ത്താനും' 'ഡേവിഡും' ദുല്‍ഖര്‍ നായകനായ 'സോളോ'യുമൊക്കെ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാര്‍ കരിയറിലെ ആദ്യ വെബ് സീരീസുമായി എത്തുന്നു. നാല് ചെറുകഥകള്‍ ചേരുന്ന സീരിസിന് 'ഫ്‌ളിപ്പ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇറോസ് നൗവിന് വേണ്ടി ഒരുക്കിയിരിക്കുന്ന സീരീസ് നാളെ മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും.

ഒരു ചലച്ചിത്ര സംവിധായകന് അങ്ങേയറ്റം സ്വാതന്ത്ര്യം നല്‍കുന്നതാണ് വെബ് സീരീസുകളുടെ ലോകമെന്ന് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞു. 'ഫീച്ചര്‍ ഫിലിം ഫോര്‍മാറ്റില്‍ സാധിക്കാത്ത പലതരം കഥപറച്ചിലുകളും വെബ് സീരിസുകളില്‍ പരീക്ഷിക്കാനാവും. എന്നാല്‍ ഒരു സിനിമയെ സമീപിക്കുന്നതുപോലെതന്നെയാണ് 'ഫ്‌ളിപ്പി'നെയും ഞാന്‍ സമീപിച്ചിരിക്കുന്നത്. നാല് കഥകളില്‍ ഓരോന്നിനെയും ഓരോ ചെറു സിനിമകള്‍ എന്ന രീതിയിലാണ് സമീപിച്ചിരിക്കുന്നത്. എന്നാല്‍ പല വെബ് സീരിസുകളെയും പോലെ ദീര്‍ഘാഖ്യാനമല്ല ഫ്‌ളിപ്പിന്റേത്. കാരണം ഓരോ കഥയും പുതുതാണ്. 'ബുള്ളി', 'ഹാപ്പി ബര്‍ത്ത്‌ഡേ', 'മെസേജ്', 'ദി ഹണ്ട്' എന്നിങ്ങനെയാണ് നാല് ഭാഗങ്ങളുടെ പേരുകള്‍.