ബെംഗളൂരു: രാജ്യമാകെ വൻ വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസിൽ സിനിമാ താരം സഞ്ജന ഗൽറാണി ജയിലിലേക്ക്. ഇവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ റിമാന്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. അന്വേഷണവുമായി താരം സഹകരിച്ചില്ലെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. നടി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയായിരുന്നു ഇത്.

കഴി‍ഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി നടിയുടെ വൈദ്യ പരിശോധന നടത്താനായി ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് സഞ്ജന തട്ടിക്കയറിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, ആരെയെങ്കിലും ഫോൺ ചെയ്‍തതുകൊണ്ട് താന്‍ കുറ്റക്കാരി ആകില്ലെന്നുമാണ് സഞ്ജന പറഞ്ഞത്. കോടതി നിർദേശ പ്രകാരമാണ് നടപടിയെന്ന് അഭിഭാഷകന്‍ നേരിട്ട് അറിയിച്ച ശേഷമാണ് നടി ഉദ്യോഗസ്ഥരോട് സഹകരിച്ചത്.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗൽറാണിയെ സെപ്തംബർ എട്ടിനാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ്. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നടിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടി ചോദ്യം ചെയ്യലിന് ഹാജരായില്ല.  തുടർന്നായിരുന്നു റെയ്‌ഡും അറസ്റ്റും. ഇവരുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തിരുന്നു.

കന്നഡയില്‍ കൂടാതെ മലയാളം തെലുങ്ക് തമിഴ് സിനിമകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ മുന്‍നിര നടിയാണ് സഞ്ജന ഗല്‍റാണി. കസനോവ, ദ കിങ് ആന്‍ഡ് കമ്മീഷണർ എന്നിവയാണ് അഭിനയിച്ച മലയാള സിനിമകൾ. നടി നിക്കി ഗല്‍റാണിയുടെ സഹോദരികൂടിയാണ്. ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിന് നേരത്തെ അറസ്റ്റിലായ രാഹുല്‍ ഷെട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്. ഇന്ദിരാ നഗറിലെ നടിയുടെ വീട്ടില്‍ രാവിലെ പരിശോധന നടത്തിയതിന് പിന്നാലെയാണ് സിസിബി നടിയെ കസ്റ്റ‍ഡിയിലെടുത്തത്. ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ പിടിയിലായ മൂന്നാംപ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും പോലീസ് ഇന്ന് റെയ്ഡ് നടത്തി.