ചിത്രത്തിന്‍റെ സംവിധായകൻ ആദിത്യ ധറിനെയും നായകൻ രൺവീർ സിംഗിനെയും ടാഗ് ചെയ്തുകൊണ്ടാണ് കോലി തന്‍റെ കുറിപ്പ് പങ്കുവെച്ചത്.

മുംബൈ: ബോക്സ് ഓഫീസിൽ തരംഗമായി മാറിയ 'ധുരന്ധർ 2' സിനിമയെ പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. സിനിമ കണ്ടതിന് ശേഷം തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കോലി ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ഇന്ത്യൻ സിനിമയില്‍ താന്‍ കണ്ട ഏറ്റവും മികച്ച സിനിമാനുഭവം എന്നാണ് ധുരന്ധര്‍-2വിനെ കോലി വിശേഷിപ്പിച്ചത്.

ചിത്രത്തിന്‍റെ സംവിധായകൻ ആദിത്യ ധറിനെയും നായകൻ രൺവീർ സിംഗിനെയും ടാഗ് ചെയ്തുകൊണ്ടാണ് കോലി തന്‍റെ കുറിപ്പ് പങ്കുവെച്ചത്. ഇന്ന് ഞാൻ ആ ചിത്രം കണ്ടു. ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമാ അനുഭവമാണിതെന്ന് എനിക്ക് നിസംശയം പറയാം. ഏകദേശം 4 മണിക്കൂർ നീണ്ട സിനിമയ്ക്കിടയിൽ ഒരുതവണ പോലും കണ്ണുചിമ്മാതെ ഞാനിരുന്നു. എല്ലാവിധ വികാരങ്ങളും ഈ ചിത്രം പുറത്തുകൊണ്ടുവരുന്നുണ്ട്. സംവിധായകൻ ആദിത്യ ധറിനെ 'ജീനിയസ്' എന്ന് വിശേഷിപ്പിച്ച കോലി, അദ്ദേഹത്തിന്‍റെ കഴിവും ദൃഢനിശ്ചയവുമാണ് സിനിമയിൽ പ്രതിഫലിക്കുന്നതെന്നും കുറിച്ചു.

ചിത്രത്തിലെ രൺവീർ സിംഗിന്‍റെ പ്രകടനത്തെ കോലി വാനോളം പുകഴ്ത്തി. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും രൺവീർ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നുവെന്ന് കോലി പറഞ്ഞു. രൺവീർ, ഈ സിനിമയോടെ നീ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. നിന്‍റെ പ്രകടനം അസാമാന്യമെന്നെ വിശേഷിപ്പിക്കാനാവു- കോലി കുറിച്ചു.

റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോൾ 'ധുരന്ധർ 2' ലോകമെമ്പാടുമായി വലിയ വിജയമാണ് കൊയ്യുന്നത്. ജിയോ സ്റ്റുഡിയോസിന്‍റെ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 1622 കോടി രൂപ കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം 1228 കോടി രൂപയാണ് ചിത്രം വാരിയത്. വിദേശ വിപണിയിൽ നിന്ന് 394 കോടിയും ചിത്രം സ്വന്തമാക്കി. റിലീസ് ദിനത്തിൽ 100 കോടിയിലധികം രൂപ നേടിയാണ് ചിത്രം പ്രദർശനം തുടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക