ബെത്‍ലഗേം കുടുംബ യൂണിറ്റ് എന്ന ചിത്രം കേരളത്തിലെ എക്കാലത്തെയും വലിയ കളക്ഷൻ നേടിയ മലയാള സിനിമയായി മാറി

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് എന്ന ടൈറ്റിലിലേക്കുള്ള അന്തിമ ചുവടുകളിലാണ് ബെത്‍ലഗേം കുടുംബ യൂണിറ്റ്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമയെന്ന നേട്ടം ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട് ചിത്രം. ആഗോള ഗ്രോസിലും ആ നേട്ടം ഈ വാരാന്ത്യത്തില്‍ത്തന്നെ ചിത്രം നേടാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ തിയറ്റര്‍ റണ്ണിലെ മറ്റൊരു നേട്ടം സംബന്ധിച്ച കണക്കും പുറത്തെത്തിയിട്ടുണ്ട്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റ ടിക്കറ്റുകളുടെ ഞെട്ടിക്കുന്ന കണക്കാണ് അത്. തങ്ങളിലൂടെ 55 ലക്ഷം ടിക്കറ്റുകളാണ് ബെത്‍ലഹേമിന്‍റേതായി വിറ്റിരിക്കുന്നതെന്ന് ബുക്ക് മൈ ഷോ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച് ബുക്ക് മൈ ഷോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് എത്തിയിരിക്കുന്നത്.

അതേസമയം ചിത്രത്തിന് ഈ വാരാന്ത്യത്തിലും കാര്യമായി കാണികളുണ്ട്. ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകള്‍ ചിത്രത്തിന്‍റേതായി വിറ്റു പോകുന്നുണ്ട്. ഇത് ബുക്ക് മൈ ഷോയില്‍ ഒരു മലയാള സിനിമയുടെ റെക്കോര്‍ഡ് ആണ്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും ഈ വാരാന്ത്യത്തില്‍ മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. അടുത്ത വാരത്തിലും ചിത്രം കാര്യമായ ഇടിവില്ലാതെ തിയറ്ററുകളില്‍ തുടരും എന്നതിന്‍റെ സൂചനയാണ് ഇതെല്ലാം. ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഇപ്പോഴും ട്രാക്കര്‍മാര്‍ക്ക് പ്രവചിക്കാനാവാത്ത നിലയുണ്ട്.

ഓണത്തിന് ഒരാഴ്ച മുന്‍പേ, ഓഗസ്റ്റ് 21 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming