'ഭഭബ' സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുൻപ് താൻ എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി. 

തിരുവനന്തപുരം: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിധിക്ക് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. സമൂഹത്തിന്റെ മുൻനിരയിൽ ഉൾപ്പടെയുള്ളവർ വിധിക്കെതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദിലീപിന്റെ ഭഭബ എന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തുവരുന്നത്. മോഹൻലാലും സിനിമയിൽ അതിഥി വേഷത്തിൽ എത്തുണ്ട്. സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുൻപ് താൻ എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ലല്ലോ എന്ന് പറയുകയാണ് ഭാ​ഗ്യലക്ഷ്മി.

"വിധി വന്ന അന്നുതന്നെയല്ലേ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹൻലാൽ ആ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. അവന് വേണ്ടിയും അവൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതെല്ലാം അയാൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണ്. അതാണ് നമ്മൾ കണ്ടത്", എന്നായിരുന്നു ഭാ​ഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.

"ഈ വിധിയോട് കൂടി അവൾ തളർന്നുവെന്ന് പലരും വിചാരിക്കുന്നുണ്ട്. ഇനി മുന്നോട്ട് ഇല്ലെന്ന്. ഒരിഞ്ച് പോലും അവൾ തളർന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവൾ പോകും. ഇതിൽ കൂടുതൽ അപമാനമൊന്നും അവൾക്ക് സഹിക്കാനില്ല. രണ്ട് മണിക്കൂർ കാറിനുള്ളിൽ സംഭവിച്ചതിനെക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അതിൽ കൂടുതലൊന്നും എനിക്കിനി സംഭവിക്കാനില്ലല്ലോ രീതിയിലാണ് അവൾ പോസ്റ്റിട്ടത്. തീർച്ചയായും അപ്പീലിന് പോകും. അത് ഔദ്യോ​ഗികമായി അറിയിക്കേണ്ടത് അവളാണ്. അവളെ തളർത്താമെന്ന് ആരും വിചാരിക്കണ്ട. നമ്മൾ എല്ലാവരും ശക്തമായി അവളോടൊപ്പം നിൽക്കുകയാണ് വേണ്ടത്. മുൻപ് ഇങ്ങനെയൊക്കെ ഉണ്ടാകുമോന്ന സംശയം ഒരു 50 ശതമാനം ആൾക്കാർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഈ വിധി വന്നതോട് കൂടിയാണ് എല്ലാവർക്കും വ്യക്തമായി മനസിലായത്. കോടതിയിൽ നിന്നും വിധി വന്നാൽ 'എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം ജയിച്ചു' എന്നൊക്കെ വേണമെങ്കിൽ പറയുന്നതിന് പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അവിടെ പറയുന്നത്. അന്ന് ആ നടി ഇയാളുടെ പേര് പറഞ്ഞായിരുന്നില്ല സംസാരിച്ചത്. തന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അയാൾ തന്നെ തീരുമാനിച്ചു. അതിനർത്ഥം അയാൾ ചെയ്തു എന്ന് തന്നെയാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീർന്നിട്ടില്ല. ഇനിയും ഞാൻ അങ്ങനെ തന്നെ ചെയ്യും എന്ന ദൈര്യം കിട്ടിയത് വിധിയിൽ കൂടിയാണ്. അതെങ്ങനെ നേടിയെന്ന് എല്ലാവർക്കും അറിയാം. അതിജീവിത കേസ് കൊടുത്തത് കൊണ്ടുമാത്രമാണ് പല പെൺകുട്ടികളും രക്ഷപ്പെട്ടത്", എന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്