Asianet News MalayalamAsianet News Malayalam

തെറിവിളി തോന്നിവാസമാണ്; അഹാനക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഭാഗ്യലക്ഷ്മി

''പാര്‍വ്വതിയേയും റിമ കല്ലിങ്കലിനേയും ഇതേപോലെ സൈബര്‍ അറ്റാക്ക് നടത്തിയപ്പോള്‍ അഹാനയെപ്പോലെയുളള എത്ര നടിമാര്‍ പ്രതികരിച്ചു?''
 

bhagyalakshi on cyber attack against Ahana Krishna
Author
Thiruvananthapuram, First Published Jul 21, 2020, 4:20 PM IST

നടി അഹാന കൃഷ്ണയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ പ്രതികരണത്തോട് വിയോജിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെ അംഗീകരിക്കാനാവില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍. എന്തിന്റെ പേരിലായാലും അതിന് മറുപടി തെറിവിളിയിലൂടെ നടത്തുന്നത് തികച്ചും തോന്നിവാസമാണെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

''സ്ത്രീകളെ തെറി വിളിയ്ക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നത് അവള്‍ എല്ലാം മടക്കിക്കെട്ടി സ്ഥലം വിടുമെന്നാണോ. അത് പണ്ട്. ഇന്നവള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീയുടെ മാന്യമായ ഭാഷക്ക് മാന്യമായ ഭാഷയില്‍തന്നെ മറുപടി കൊടുക്കാന്‍ അറിയാത്തതാണോ ഉത്തരമില്ലാത്തതാണോ ഈ തെറി വിളിയുടെ ഉദ്ദേശം..?''  ഭാഗ്യലക്ഷ്മി ചോദിച്ചു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കുറച്ചു ദിവസം മുമ്പ് ആരോ എഴുതിയ ഒരു പോസ്റ്റ് കണ്ടു, പുരുഷന്മാര്‍ക്ക് തെറി പറയാമെങ്കില്‍ സ്ത്രീകള്‍ക്കും തെറി പറയാം എന്ന്.

സ്ത്രീ മാത്രമല്ല പുരുഷനും തെറി പറയരുത് എന്ന അഭിപ്രായമുളള ആളാണ് ഞാന്‍.
അഹാനയുടെ ഒരു വീഡിയോ കണ്ടിരുന്നു സൈബര്‍ ബുളളിങ്ങിനെ പറ്റി..

ലോക്ഡൗണുമായി ബന്ധപ്പെട്ട് അവരുടെ ഒരു അഭിപ്രായമാണ് ആ അറ്റാക്കിന് കാരണം. തീര്‍ച്ചയായും അവരുടെ ആ അഭിപ്രായത്തോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. കോവിഡ് സമയത്ത് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം എതിര്‍ക്കേണ്ടതു തന്നെയാണ്.

പക്ഷേ എന്തിന്റെ പേരിലായാലും അതിന് മറുപടി തെറിവിളിയിലൂടെ നടത്തുന്നത് തികച്ചും തോന്നിവാസമാണ്. അഭിപ്രായം പറയുന്നത് ഒരാളുടെ അവകാശമാണ്. പക്ഷേ തെറി വിളിക്കുക എന്നത് അവകാശമാണോ? എങ്കില്‍ തെറി വിളിക്കുന്നവരെ തിരിച്ചും തെറി വിളിക്കാം അടി കൊടുക്കാം.
പക്ഷേ അതാണോ ഇവിടെ വേണ്ടത്.?

നിങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത ഒരു വിഷയം, ചില സ്ത്രീകളുടെ വസ്ത്ര ധാരണമോ, സംസ്‌കാരമില്ലാത്ത ഭാഷയോ, പെരുമാറ്റമോ, വ്യക്തിഹത്യയോ, നിലപാടോ
നിലപാടില്ലായ്മയോ, എതിര്‍പക്ഷ രാഷ്ട്രീയമോ, ഒക്കെയാവാം നിങ്ങള്‍ അവരെ മോശമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ കാരണമാവുന്നത്. അങ്ങനെയെങ്കില്‍
സംസ്‌കാരമില്ലായ്മ തന്നെയല്ലേ നിങ്ങളും ചെയ്യുന്നത്.

അഹാന വളരേ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്‌കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് നിങ്ങളുടെ സംസ്‌കാരമില്ലായ്മയുമല്ലേ?..

ചിലരുടെ തന്തക്കും തളളക്കും കുടുംബത്തേയും തെറി വിളിക്കുന്നത് നിങ്ങള്‍ക്ക് തന്തയും തളളയും കുടുംബവും ഇല്ലാത്തതുകൊണ്ടാണോ? ഇന്ന് ഞാന്‍ നാളെ നീ എന്ന പോലെ ഇത് നിങ്ങള്‍ക്ക് തിരിച്ച് കിട്ടാനും അധിക സമയം വേണ്ട..

സ്ത്രീകളെ തെറി വിളിയ്ക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നത് അവള്‍ എല്ലാം മടക്കിക്കെട്ടി സ്ഥലം വിടുമെന്നാണോ. അത് പണ്ട്. ഇന്നവള്‍ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീയുടെ മാന്യമായ ഭാഷക്ക് മാന്യമായ ഭാഷയില്‍തന്നെ മറുപടി കൊടുക്കാന്‍ അറിയാത്തതാണോ ഉത്തരമില്ലാത്തതാണോ ഈ തെറി വിളിയുടെ ഉദ്ദേശം..?

നിങ്ങള്‍ സ്ത്രീകളെ വിളിച്ച തെറികള്‍ ഒന്ന് സ്വന്തം അമ്മയോടും സഹോദരിയോടും ഒന്ന് ഉറക്കെ വായിക്കാന്‍ പറയൂ..അവരറിയട്ടെ അവരുടെ മകന്റെ, സഹോദരന്റെ, ഭാഷാ വൈഭവം..

മറ്റൊരു കാര്യം പറയാനുളളത് ഏതെങ്കിലും നടിയുടേയോ മറ്റേതെങ്കിലും സ്ത്രീകളുടേയോ പ്രസ്താവനകള്‍ക്ക് താഴെ തെറി വിളിക്കുന്നത് മുഴുവന്‍ പുരുഷന്മാരായിരിക്കും

ഇടക്ക് ചില സ്ത്രീകളുടെ മാന്യമായ ഭാഷയിലുളള വിമര്‍ശനങ്ങള്‍ കാണാം. നല്ലത്.. പക്ഷേ ഒരു സ്ത്രീ പോലും ആ തെറിവിളിക്ക് പ്രതികരിക്കുന്നത് കണ്ടിട്ടില്ല.
എന്ന് മാത്രമല്ല മറ്റൊരു സ്ത്രീയെ തെറിവിളിക്കുന്നത് പരസ്പരം പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്.

എന്നിട്ട് ഒടുവില്‍ ഇതേ തെറിവിളി തനിക്ക് നേരെ വരുമ്പോഴാണ് അതിന്റെ അപമാനം എത്രയെന്ന് മനസിലാവുന്നത്. പാര്‍വ്വതിയേയും റിമ കല്ലിങ്കലിനേയും ഇതേപോലെ സൈബര്‍ അറ്റാക്ക് /സൈബര്‍ ബുള്ളിയിങ് നടത്തിയപ്പോള്‍ അഹാനയെപ്പോലെയുളള എത്ര പെണ്‍കുട്ടികള്‍ നടിമാര്‍ പ്രതികരിച്ചു? നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതേ രംഗത്ത് പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രീകള്‍ പ്രതികരിച്ചു? നാലോ അഞ്ചോ പേര്‍. അവിടെയാണ് പ്രശ്‌നം.. തനിക്ക് കൊളളുമ്പോള്‍ വേദനിക്കുന്നു/ പ്രതികരിക്കുന്നു..

ഏതൊരു പെണ്ണിനുവേണ്ടിയും പ്രതികരിക്കാനുളള ആര്‍ജ്ജവം ഉണ്ടായിരിക്കണം. അത് ബലാത്സംഗമാണെങ്കിലും സൈബര്‍ അറ്റാക്കാണെങ്കിലും. അവളുടെ വേദന മനസിലാക്കണം, അവളോടൊപ്പം നില്‍ക്കണം.എങ്കിലേ ഇതിനൊരു അറുതി വരുത്താനാവൂ .. ആരുടെ വിശപ്പും എന്റെ വിശപ്പാണെന്ന് തോന്നണം. ആരുടെ വേദനയും എന്റെ വേദനയാണെന്ന് തോന്നണം.. ഏതൊരു പെണ്ണ് ആക്രമിക്കപ്പെടുമ്പോഴും അവിടെ ഞാനാണെങ്കിലോ എന്ന് ചിന്തിക്കണം..

Follow Us:
Download App:
  • android
  • ios