സമകാലീന വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിച്ച് വീഡിയോ ഇടുന്ന കൂട്ടത്തില്‍ പെട്ട ആളല്ലെന്നും പറയുന്നു മസ്‍താനി.
അടുത്തിടെ ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വലിയ പ്രതിഷേധങ്ങളും ചര്‍ച്ചകളുമെല്ലാം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ, ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവതാരകയും ബിഗ്ബോസ് താരവുമായ മസ്താനി. എല്ലാ സ്ത്രീകളും ഷിംജിതമാരല്ലെന്നും ഒരു ഷിംജിതയോ അക്സ കെ റെജിയോ ഒക്കെ വരുമ്പോൾ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്തുചെയ്യണം എന്നും മസ്താനി ചോദിക്കുന്നു.
''ഞാന്‍ സമകാലീന വിഷയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിച്ച് വീഡിയോ ഇടുന്ന കൂട്ടത്തില്‍ പെട്ട ആളല്ല. പക്ഷേ, ഈ വിഷയം നിങ്ങളുമായി സംസാരിക്കണമെന്ന് തോന്നി. ദീപക് എന്ന വ്യക്തിയ്ക്ക് സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അതിന് കാരണക്കാരിയായ ഷിംജിത എന്ന സ്ത്രീയെ ഒരിക്കലും പിന്തുണയ്ക്കാന്‍ പറ്റില്ല. പക്ഷേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറച്ച് വീഡിയോകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതൊക്കെയും സ്ത്രീകള്‍ക്ക് എതിരെയുള്ളതാണ്.
എല്ലാ സ്ത്രീകളേയും ഞങ്ങള്‍ക്ക് പേടിയാണ്, എല്ലാ സ്ത്രീകളും ഇങ്ങനെയാണ്, സ്ത്രീകള്‍ക്ക് ബസില്‍ പ്രവേശനമില്ല, സ്ത്രീകളുടെ കൂടെ യാത്ര ചെയ്യില്ല, എല്ലാ സ്ത്രീകളും ഷിംജിതമാരാണ് എന്നൊക്കെ പറയുന്ന വീഡിയോകള്‍ കാണുന്നുണ്ട്. അതുകാണുമ്പോള്‍ ആലോചിക്കുകയാണ്, ഒരുപാട് സ്ത്രീകള്‍ ചൂഷണങ്ങളും പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്. പീഡനങ്ങള്‍ അനുഭവിച്ച് മരണപ്പെട്ടിട്ടുണ്ട്. ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല, പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്. ഒരു ഷിംജിതയോ അക്സ കെ റെജിയോ ഒക്കെ വരുമ്പോൾ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ ആയിരം ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്തുചെയ്യണം? ഞാനുള്‍പ്പടെ ഈ വിഡിയോ കാണുന്ന സ്ത്രീകള്‍ക്കും, നിങ്ങളുടെ വീടുകളിലുള്ള സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും പുരുഷനില്‍ നിന്നും അനുഭവിച്ച ചൂഷണത്തിന്റെ ഒരു കഥയെങ്കിലും പറയാനുണ്ടാകും'', മസ്താനി വീഡിയോയിൽ പറഞ്ഞു.
