സ്ത്രീകളെ അടച്ചാപേക്ഷിക്കുന്ന തരത്തിലേക്ക് ഈ സംഭവം എത്തിച്ചുവെന്ന് പറയുകയാണ് നടി മനീഷ കെ എസ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെഎസ്. നടിയായും ഗായികയായുമെല്ലാം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിംഗ് ആർടിസ്റ്റ് കൂടിയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മഴ തോരും മുൻപേ എന്ന സീരിയലിലാണ് മനീഷ അഭിനയിക്കുന്നത്. പരമ്പരയിൽ ഗ്രേസമ്മ എന്ന കഥാപാത്രമായിട്ടാണ് മനീഷ എത്തുന്നത്. ഇപ്പോഴിതാ ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് മനീഷ.
''തീർത്തും വേദനാകരം എന്നേ ആ സംഭവത്തെക്കുറിച്ച് പറയാനുള്ളൂ. സ്ത്രീകളെ അടച്ചാപേക്ഷിക്കുന്ന തരത്തിലേക്ക് ഈ സംഭവം എത്തിച്ചു. എല്ലാ സ്ത്രീകളും ഇങ്ങനെയാണ് എന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ടച്ചുകൾ ഏതൊക്കെയാണെന്ന് എല്ലാ സ്ത്രീകൾക്കും അറിയാം. ഒരാൾ അബദ്ധത്തിൽ സ്പർശിക്കുന്നതും മനപൂർവം ചെയ്യുന്നതുമൊക്കെ മനസിലാകും. ബാഡ് ടച്ച് ചെയ്യുമ്പോൾ ഒരു സ്ത്രീയുടെ മുഖം ഒരിക്കലും ചിരിച്ചിട്ടായിരിക്കില്ല. ഈ പറയുന്നത് വേറൊരു വിവാദത്തിലേക്ക് പോകുമായിരിക്കാം. പക്ഷേ, സത്യം പറഞ്ഞാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.
ആ വീഡിയോ എടുക്കുന്ന സമയത്ത് ആ കുട്ടിയുടെ മുഖം ചിരിച്ചിട്ടായിരുന്നു. മുഖത്ത് ഒരു തരത്തിലുമുള്ള ടെൻഷനും ഇല്ല. എനിക്കൊരു മകനും ഉണ്ട്, മകളുമുണ്ട്. ജെൻഡർ വ്യത്യാസം എനിക്കില്ല, അത് പെണ്ണിന് സംഭവിച്ചാലും ആണിന് സംഭവിച്ചാലും. അതിജീവിതക്കൊപ്പം തന്നെയായിരുന്നു ഇത്രയും കാലം. ഈ സംഭവത്തിൽ അവൾക്കൊപ്പം എന്നു പറഞ്ഞ് നിൽക്കാൻ കഴിയില്ല. കാരണം, ആ കുട്ടി ചെയ്തത് തീർത്തും തെറ്റായ ഒരു കാര്യമാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിൽ പ്രതികരിച്ചുകൊണ്ട് മനീഷ പറഞ്ഞു.
