കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത 'ഭരതനാട്യം' എന്ന ചിത്രത്തിന്‍റെ തുടർച്ചയായ 'മോഹിനിയാട്ടം' സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു

ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസകരമായി അവതരിപ്പിച്ച് ശ്രദ്ധേയമായ ചിത്രമാണ് ഭരതനാട്യം. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തുടർച്ചയായ മോഹിനിയാട്ടം എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് ആരംഭിച്ചു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രവും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസ്, സൈജു കുറുപ്പ് എൻ്റർടെയ്ന്‍മെന്‍റ്സ് എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭരതൻ്റെ കുടുംബത്തിലെ ചില രഹസ്യങ്ങളായിരുന്നു ഭരതനാട്യത്തിലെ വിഷയമെങ്കിൽ മോഹിനിയാട്ടത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത് ഏതു വിഷയമാണ്? പ്രേക്ഷകർക്ക് കൗതുകവും ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തെയും അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി, നന്ദു പൊതുവാൾ, ദിവ്യ എം നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ, ശ്രീജ രവി, മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവരും ഇവർക്കു പുറമെ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, നിസ്താർ സേട്ട്, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ഗുരുവായൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ശ്രീരേഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്ണു ആർ പ്രദീപാണ് കോ റൈറ്റർ.

സംഗീതം ഇലക്ട്രോണിക്ക് കിളി, ഛായാഗ്രഹണം ബബ്‌ലു അജു, എഡിറ്റിംഗ് ഷഫീഖ്, കലാസംവിധാനം ദിൽജിത്ത് എം, മേക്കപ്പ് മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, സ്റ്റിൽസ് വിഷ്ണു എസ് രാജൻ, ഡിസൈൻ യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംസൺ സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോബി, വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാൻ കെ എം, കൺട്രോളർ ജിതേഷ് അഞ്ചുമന. കൂത്തുപറമ്പ്, മട്ടന്നൂർ, ധർമ്മടം ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്