ജൂലൈ 30ന് സംവിധായകൻ ഹരിഹരൻ പുരസ്കാരങ്ങൾ സമ്മാനിക്കും. 

കൊച്ചി: ഭരതൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. കല്യാൺ സുവർണ്ണ മുദ്രയും ശില്പവും ആണ് പുരസ്കാരം. ഭരതൻ സ്മൃതി വേദിയുടെ കെപിഎസി ലളിത പുരസ്കാരം ചലച്ചിത്ര നടി ഉർവശിക്ക് സമ്മാനിക്കും. 25000 രൂപയും ശില്പവും ആണ് പുരസ്കാരം. ജൂലൈ 30ന് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ ഹരിഹരൻ ഉർവശിക്കും ബ്ലെസിക്കും പുരസ്കാരങ്ങൾ സമ്മാനിക്കും. 

ആടുജീവിതം ആണ് ബ്ലെസിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം ബെന്യാമിന്‍റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്‍റെ സിനിമാവിഷ്കാരം ആയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് നിലവില്‍ ആടുജീവിതം. പ്രഖ്യാപന സമയം മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. എ ആര്‍ റഹ്‍മാന്‍ സം​ഗീതം പകര്‍ന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗ് ശ്രീകര്‍ പ്രസാദ് ആണ്. അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ​ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

'അവസാനം കല്യാണക്കത്തിൽ വരെയെത്തി'; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

ഉള്ളൊഴുക്ക് എന്ന ചിത്രമാണ് ഉര്‍വശിയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി 'കറി& സയനൈഡ്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ഈ ചിത്രത്തില്‍ പാര്‍വതി തിരുവോത്തും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സമീപകാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധനേടിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടുകയാണ്. ജൂൺ 21ന് ആയിരുന്നു ഉള്ളൊഴുക്ക് തിയറ്ററില്‍ എത്തിയത്. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..