ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണെന്നും ഭാവന.

നടി ഭാവനയുടെ എട്ടാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവും നിര്‍മാതാവുമായ നവീനൊപ്പമുള്ള ചിത്രങ്ങള്‍ ഭാവന സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ഭാവനയെ ചേര്‍ത്തു പിടിക്കുന്ന നവീനെ ഫോട്ടോകളില്‍ കാണാം. മനോഹരമായ കുറിപ്പും ഭാവന പങ്കുവെച്ചിട്ടുണ്ട്.

ആനന്ദവും സന്തോഷവും കുസൃതിയും നിറഞ്ഞ മറ്റൊരു വര്‍ഷത്തിനായി കാത്തിരിക്കുകയാണ്. ഈ സ്‍നേഹം ഇതുപോലെ തുടരട്ടെ. നിങ്ങളെ ശല്യപ്പെടുത്തുന്നത് ഞാൻ ആസ്വദിക്കുന്നു. ഇനിയും അങ്ങനെ ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും ഭാവന കുറിപ്പില്‍ പറയുന്നു. സെലിബ്രിറ്റികള്‍ അടക്കം ഒട്ടേറെ പേരാണ് ഭാവനയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.

ഭാവന നായികയായി ഇനി എത്താനുള്ള ചിത്രം അനോമിയാണ്. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 30നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെബ്രുവരി ആറിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നതാണ് പുതിയ അപ്‍ഡേറ്റ്.

മലയാളികളുടെ പ്രിയനായിക ഭാവനയുടെ തൊണ്ണൂറാമത് ചിത്രം 'അനോമി'യുടെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതുവരെ കാണാത്ത പക്വതയുള്ളതും ബോൾഡുമായ ലുക്കിലാണ് ഭാവന ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം തന്നെ നടൻ റഹ്മാന്റെ സ്നാഗും സ്ക്രീൻ പ്രസൻസും ടീസറിന്റെ പ്രധാന ആകർഷണമാണ്. അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. ഭാവനയാകട്ടെ സാറ എന്ന ഫോറൻസിക് അനലിസ്റ്റായി കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്‍ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക