ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ് നിര്‍മ്മാണം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്കും തിരിച്ചെത്തുകയാണ് താരം. ‍ദ ‍‍ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നി‍ർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്ക് ഗംഭീര ജന്മദിന സമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയദേവും.

ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായി റിലീസിന് എത്തും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികയാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80 ല്‍ അധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം. 

View post on Instagram

അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി എത്തിയ തമിഴ് ചിത്രം. 2010 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഇത്. അതേസമയം കന്നഡ സിനിമയില്‍ സജീവമാണ് ഭാവന. പിങ്ക് നോട്ട്, കേസ് ഓഫ് കൊന്ദന എന്നിങ്ങനെ രണ്ട് പുതിയ ചിത്രങ്ങള്‍ ഈ വര്‍ഷം കന്നഡത്തില്‍ പുറത്തെത്താനുണ്ട്. ഷാജി കൈലാസിന്‍റെ സംവിധാനത്തിലെത്തുന്ന ഹണ്ട് എന്ന മലയാള ചിത്രത്തിലും ഭാവനയാണ് നായികയായി എത്തുന്നത്. 

ALSO READ : വീക്കിലി ടാസ്‍കിനിടെ റിനോഷിന്‍റെ അസഭ്യ പ്രയോഗം? കടുത്ത എതിര്‍പ്പുമായി വിഷ്‍ണു അടക്കമുള്ള മത്സരാര്‍ഥികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News