'തമാശ' സംവിധാനം ചെയ്‍ത അഷ്‍റഫ് ഹംസയുടെ രണ്ടാം ചിത്രം

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത 'ഭീമന്‍റെ വഴി' ഇന്നുമുതല്‍ തിയറ്ററുകളില്‍. 'തമാശ' എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്‍റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 

കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍' എത്തിയതിനു തൊട്ടുപിറ്റേന്നാണ് മലയാളത്തില്‍ നിന്ന് അടുത്ത റിലീസ് എത്തുന്നത്. ചിന്നു ചാന്ദ്‍നിയാണ് ചിത്രത്തില്‍ നായിക. ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, എഡിറ്റിംഗ് നിസാം കാദിരി, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ആക്ഷന്‍ സുപ്രീം സുന്ദര്‍, നൃത്തസംവിധാനം ശ്രീജിത്ത് പി ഡാസ്‍ലേഴ്സ്, മേക്കപ്പ് ആര്‍ ജി വയനാടന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ. ചെമ്പോസ്‍കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്.