ബിഗ് ബിക്ക് ശേഷം അമലും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം

'ബിഗ് ബി'ക്കു ശേഷം (Big B) അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam). ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ സാധ്യത മങ്ങിയതോടെ കുറച്ചുകൂടി ചെറിയ കാന്‍വാസിലുള്ള ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ (Character Posters) അവതരിപ്പിച്ചു തുടങ്ങിയിരിക്കുകയാണ് അണിയറക്കാര്‍.

ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ആദ്യത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ സൗബിന്‍ ഷാഹിര്‍ (Soubin Shahir) അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റേതാണ്. അജാസ് എന്നാണ് സൗബിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അമല്‍ നീരദ് ചിത്രങ്ങളിലെ ട്രേഡ് മാര്‍ക്ക് ഷോട്ട് ആയ കഥാപാത്രം മഴയത്തു നില്‍ക്കുന്ന രംഗമാണ് പോസ്റ്ററില്‍. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പര്‍വ്വം ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. കൊച്ചി ആയിരുന്നു പ്രധാന ലൊക്കേഷന്‍.