മുംബൈ: ബോളിവുഡിൽ വിവാദത്തിന് തിരികൊളുത്തിയാണ് കാർത്തിക് ആര്യൻ നായകനാകുന്ന 'പതി പത്നി ഔര്‍ വോ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ബലാത്സം​ഗത്തെ നിസാരവത്കരിക്കുന്ന തരത്തിലുള്ള സംഭാഷണമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സോഷ്യൽമീഡിയയിലടക്കം വ്യാപകമായി വിമർശനങ്ങൾ ഉയർന്നത്. ചിത്രത്തിൽ കാർത്തിക് ആര്യൻ അവതരിപ്പിക്കുന്ന ചിന്റു എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണ് വിമർശനങ്ങൾക്കിടയാക്കിയത്.

‘ഭാര്യയോട് സെക്സ് ആവശ്യപ്പെട്ടാൽ നമ്മൾ യാചകൻ, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കിൽ കുറ്റക്കാരൻ, ഏതെങ്കിലും വിധത്തിൽ അനുനയിപ്പിച്ച് സെക്സ് നേടിയാലോ അപ്പോൾ പീഡകൻ’, ഇതാണ് വിവാദത്തിനിടയാക്കിയ ചിത്രത്തിലെ ഡയലോഗ്. കാർത്തിക്കിന്റെ കഥാപാത്രം സുഹൃത്തിനോടാണ് ഈ ഡയലോ​ഗ് പറയുന്നത്.

ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ബലാത്സം​ഗത്തെ നിസാരവത്കരിക്കുന്ന സംഭാഷണങ്ങൾ പറയാൻ സമ്മതിച്ചെന്ന് ആരോപിച്ച് കാർത്തിക്കിനെതിരെയാണ് ആദ്യം സോഷ്യൽമീഡിയയിൽ വിമർശനമുയർന്നത്. ഇത് 2019 ആണെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ ഒട്ടും തമാശയല്ലെന്നും ആരെങ്കിലും ഇയാളോട് പറഞ്ഞു കൊടുക്കു എന്നായിരുന്നു കാർത്തിക്കിനെതിരെ ഉയർന്ന വിമർശനം.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ദിനംതോറും കൂടി വരുന്ന ഒരു രാജ്യത്ത് പീഡനത്തെ നിസാരവത്കരിക്കുന്ന തരത്തില്‍ മോശം ചിത്രങ്ങൾ ഇനിയും വേണ്ടെന്നും പുരുഷന്മാർ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ ഇത്തരം ചിത്രങ്ങൾ വഴിയൊരുക്കുമെന്നും വിമർശനമുണ്ട്.

ചിത്രത്തിനും നായകനും നേരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ ക്ഷമ ചോദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി ഭൂമി പണ്ഡേക്കർ. ചിത്രത്തിൽ കാർത്തിക്കിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭൂമിയാണ്. ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ചിത്രവുമായി ബന്ധപ്പെട്ടവരാരും ബലാത്സം​ഗത്തെ നിസാരവത്കരിച്ച് കാണുന്നവരല്ലെന്നും ഭൂമി വ്യക്തമാക്കി.

വിവാഹവും വിവാഹേതര ബന്ധങ്ങളും പ്രമേയാക്കിയാണ് പതി പത്നി ഔര്‍ വോ ഒരുക്കിയിരിക്കുന്നത്. 1978 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഒരു ചിത്രത്തിന്റെ റീമേക്കാണ് ജുനോ ചോപ്ര സംവിധാനം ചെയ്യുന്ന പതി പത്നി ഔര്‍ വോ. ചിത്രത്തിൽ കാർത്തിക് ആര്യനെയും ഭൂമി പണ്ഡേക്കറെയും കൂടാതെ അനന്യ പാണ്ഡെയും അഭിനയിക്കുന്നുണ്ട്.