Asianet News MalayalamAsianet News Malayalam

'വ്യത്യസ്ത ജാതിയിലുള്ളവര്‍ ഒരുമിച്ച് കിടക്കുന്നത് അംഗീകരിക്കാനാവില്ല'; 'ബിഗ്ബോസി'നെതിരെ ബിജെപി എംഎല്‍എ

'' ബിഗ് ബോസില്‍ രാജ്യത്തിന്‍റെ സംസ്കാരിക മൂല്യങ്ങളെ ഹനിക്കുന്ന വളരെ അടുത്തിടപഴകുന്ന രംഗങ്ങളുണ്ട്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാനാവില്ല...''

big boss show promoting vulgarity says bjp mla and asks to stop it
Author
Ghaziabad, First Published Oct 10, 2019, 12:21 PM IST

ദില്ലി: വിവിധ ഭാഷകളിലായി പ്രേക്ഷക പ്രീതി നേടി മുന്നോട്ടുപോകുന്ന ബിഗ് ബോസ് ഷോക്കെതിരെ ബിജെപി എംഎല്‍എ.  ബിഗ് ബോസിന്‍റെ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി പതിപ്പിനെതിരെയാണ് ഗാസിയാബാദ് എംഎല്‍എ നന്ദ് കിഷോര്‍ ഗുജ്ജര്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് ഷോ അശ്ലീലവും പ്രാകൃതവുമാണെന്നും കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളാത്തതാണെന്നും  കത്തില്‍ ആരോപിക്കുന്ന എംഎല്‍എ ഷോ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 

'' ബിഗ് ബോസില്‍ രാജ്യത്തിന്‍റെ സംസ്കാരിക മൂല്യങ്ങളെ ഹനിക്കുന്ന വളരെ അടുത്തിടപഴകുന്ന രംഗങ്ങളുണ്ട്. വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു ഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ നഷ്ടപ്പെട്ട പ്രതാപം തിരുച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ഇത്തരം ഷോകള്‍ രാജ്യത്തിന്‍റെ സംസ്കാരത്തെ നശിപ്പിക്കുന്നു''വെന്നും നന്ദ് കിഷോര്‍ പറഞ്ഞു. 

ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ ടെലിവിഷന്‍ പരിപാടുകളും സെന്‍സറിംഗിന് വിധേയമാക്കണമെന്നും  എംഎല്‍എ ആവശ്യപ്പെടുന്നു. കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരും കാണുന്ന ടിവി പരിപാടിയിലാണ് ഇത്തരം അശ്ലീല സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഇന്‍റര്‍നെറ്റിലും ലഭ്യമാണെന്നും നന്ദ് കിഷോര്‍ പറയുന്നു. ബിഗ് ബോസിനെതിരെ ബ്രാഹ്മണ്‍ മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്. ഗാസിയാബാദ് ജില്ലാ മജിസ്ട്രേറ്റിന് മഹാസഭ നിവേദനം നല്‍കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios