മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ മുഖമാകുക.

ലയാളം ബി​ഗ് ബോസ് സീസൺ 5നായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. അഞ്ചാം സീസൺ വരുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ഷോയിൽ എത്തുകയെന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. ഇതിനിടയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന സീസൺ 5ന്റെ ലോ​ഗോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. 

ഏറ്റവും ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ഉടൻ വരുന്നുവെന്ന് പറഞ്ഞാണ് അണിയറ പ്രവർത്തകർ ലോ​ഗോ പുറത്തുവിട്ടിരിക്കുന്നത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ. ഓപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹ സ്പോൺസർമാരായി പങ്കുചേരുന്നുണ്ട്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. 

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിപരീതമായി ​ഗോൾഡൻ ലുക്കിലാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ മുഖമാകുക. അതേസമയം, ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എന്നായിരിക്കും ബിഗ് ബോസ് സീസണ്‍ 5 തുടങ്ങുക എന്ന് അറിയിച്ചിട്ടില്ല.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

'ലാലേട്ടൻ ഫുൾ ഓൺ പവർ'; സുചിത്രയ്‌ക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സുമായി മോഹൻലാൽ- വീഡിയോ