അനീഷുമായി കോമ്പോ വന്നത് എങ്ങനെയെന്ന് പറയുകയാണ് ഷാനവാസ്.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ആരാധകർ ഏറ്റെടുത്ത കോമ്പോ ആയിരുന്നു അനീഷിന്റെയും ഷാനവാസിന്റെയും. അനീഷ് ഫസ്റ്റ് റണ്ണറപ്പായെങ്കിൽ ടോപ് 3-ൽ എത്തിയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഷാനവാസ്. ബിഗ് ബോസ് കഴിഞ്ഞാലും ഷാനവാസ് തന്റെ ആജീവനാന്ത സുഹൃത്തായിരിക്കും എന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം അനീഷുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചും പലതവണ ഷാനവാസ് സംസാരിച്ചിരുന്നു. അനീഷുമായി ചേർന്ന് ഒരു സിനിമ കഥയ്ക്കുള്ള ഒരുക്കത്തിലാണെന്നും ഷാനവാസ് പറഞ്ഞിരുന്നു.
ഷോയ്ക്ക് ശേഷം ഇരുവരെയും ഒന്നിച്ചു കാണാൻ കഴിയുന്ന പരിപാടികളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വെറൈറ്റി മീഡിയക്കു നൽകിയ പുതിയ അഭിമുഖത്തിലും ഇതേക്കുറിച്ചാണ് ഷാനവാസ് സംസാരിക്കുന്നത്. ദിവസവും രണ്ടോ മൂന്നോ തവണ അനീഷിനെ വിളിക്കാറുണ്ടെന്നും അത്രക്കും ആത്മാർഥ സുഹൃത്തുക്കളാണ് തങ്ങളെന്നും ഷാനവാസ് പറയുന്നു.
''ആദ്യം അനീഷ് എന്നെ കഴുതേ, പൊട്ടൻ എന്നൊക്കെ വിളിക്കുമ്പോൾ ഞാനും അതേ രീതിയിലാണ് കൗണ്ടർ ചെയ്തത്. എന്നാൽ സൗഹൃദം കൊണ്ടാണ് അനീഷിനെ നേരിടേണ്ടത് എന്ന് പിന്നെ എനിക്ക് ബോധ്യമായി. അങ്ങനെയാണ് ആ ഒരു കോമ്പോ വന്നത്. ഒരു ദിവസം രണ്ടോ മൂന്നോ തവണയൊക്കെ ഞാനും അനീഷും വിളിക്കാറുണ്ട്. അനീഷിന്റെ ഗെയിം തുടക്കം മുതൽ എനിക്ക് ഇഷ്ടമായിരുന്നു, ഒറ്റപ്പെടൽ സ്ട്രാറ്റജി. പക്കാ ഗെയിം ആണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഇതല്ല അനീഷ്. ഈ അനീഷിനെ എനിക്ക് പൊളിച്ചടുക്കണം എന്നുണ്ടായിരുന്നു'', എന്നാണ് ഷാനവാസ് അഭിമുഖത്തിൽ പറയുന്നത്.
അഭിമുഖത്തിനിടെ അനീഷിനെ ഷാനവാസ് വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ബിഗ്ബോസിൽ ഇരുവരുടെയും സഹമൽസരാർഥിയായിരുന്ന മസ്‍താനിയായിരുന്നു അവതാരക.
