ബിഗ് ബോസിന്റെ പേരിന്റെ രഹസ്യം.

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി ആർജിച്ച ഷോയാണ് ബിഗ് ബോസ്. 'ബിഗ് ബ്രദർ' എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണിത്. ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ ബിഗ്ബോസ് എന്ന പേരിലാണ് ഷോ നടത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ, ഡിജിറ്റൽ പ്രോഗ്രാം നിർceണ കമ്പനികളിൽ ഒന്നായ എൻഡെമോൾ ഷൈൻ ഇന്ത്യയാണ് ബിഗ്ബോസ് നിർമിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയിൽ എത്തിയപ്പോൾ ഷോയുടെ പേര് മാറിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻഡെമോൾ ഷൈൻ ഇന്ത്യ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ദീപക് ധർ.

''ഇന്ത്യൻ പ്രേക്ഷകരുടെ സംസാരശൈലിക്കും സംസ്കാരത്തിനും കൂടുതൽ ചേരുന്ന പേരായിരിക്കണം ഷോയ്ക്കെന്ന് കരുതിയാണ് 'ബിഗ് ബോസ്' എന്ന പേര് തിരഞ്ഞെടുത്തതെന്ന് ദീപക് ധർ പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബിഗ് ബ്രദറി'ന്റെ അവകാശം സ്വന്തമാക്കിയ ശേഷവും പേര് മാറ്റാൻ അനുമതി ലഭിക്കുന്നത് എളുപ്പമായിരുന്നില്ല. വലിയ തുക നൽകി ഷോയുടെ അവകാശം സ്വന്തമാക്കിയിട്ട് എന്തിനാണ് പേര് മാറ്റുന്നതെന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. പക്ഷേ, ഞാൻ പോരാടി അത് 'ബിഗ് ബോസ്' ആക്കി. പേര് ഇന്ത്യൻ ആയി തോന്നണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ‘ബോസ്' എന്നത് ഇന്ത്യക്കാർ സാധാരണ സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. ഓഫീസിലും വീട്ടിലും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമിടയിലും നമ്മൾ 'ബോസ്' എന്ന് പറയാറുണ്ട്. ഇന്ത്യയിൽ ഈ ഫ്രാഞ്ചൈസിയെ വലിയ രീതിയിൽ വളർത്താൻ കഴിയുന്ന ഒരു പേരാണ് എനിക്ക് വേണ്ടിയിരുന്നത്. ഒടുവിൽ ഒരുപാട് എതിർപ്പുകൾക്ക് ശേഷം അവർ സമ്മതിച്ചു.

ഞാൻ അൽപം അന്ധവിശ്വാസമുള്ളയാളാണ്. ഒരു ഷോ വിജയിപ്പിക്കാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യും. ന്യൂമറോളജി നോക്കി സ്പെല്ലിങ്ങിൽ മാറ്റം വരുത്തുന്നത് നല്ലതായിരിക്കുമെന്ന് ഒരാൾ പറഞ്ഞു. അങ്ങനെയാണ് 'ബിഗ്' എന്നതിൽ രണ്ട് 'g' ചേർത്തത്. അത് ഫലിച്ചുവെന്നാണ് തോന്നുന്നത്'', ദീപക് ധർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക